ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ കൂട്ട രാജി

കൊളംബോ : തുടർച്ചയായി നേരിടുന്ന നാണംകെട്ട തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ സെലക്ഷൻ ബോർഡിൽ കൂട്ട രാജി. ഇന്ത്യക്കെതിരായ കനത്ത തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് സനത്ത് ജയസൂര്യ അടങ്ങുന്ന മുഴുവൻ കമ്മിറ്റി അംഗങ്ങളും രാജിവെക്കുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപാധ്യക്ഷന്‍ മോഹന്‍ ഡിസില്‍വ ഇക്കാര്യം സ്ഥിരീകരിച്ചു.

3-0 ന് ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ അഞ്ച് ഏകദനിങ്ങളില്‍ മൂന്നെണ്ണത്തിലും ലങ്ക പരാജയം നേരിട്ടു. ജയസൂര്യയെക്കൂടാതെ രമേഷ് കലുവിതരണ, രഞ്ജിത് മധുരസിംഗെ, എറിക് ഉപാസന്ത, അസങ്ക ഗുരുസിന്‍ഹ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നത്.

കഴിഞ്ഞവർഷം മെയ് ഒന്നിനാണ് ഈ കമ്മറ്റിയെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തിരഞ്ഞെടുത്തത്. ലങ്കൻ ആരാധകർ കഴിഞ്ഞ മത്സരത്തിൽ ലങ്കയ്ക്ക് ഏറ്റ വൻ പരാജയം കാരണം ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞ് പ്രതിഷേധിക്കുകയും ഇതുമൂലം കളി പൂർത്തിയാക്കാൻ കഴിയാതെ കളിക്കാർക്ക് പവലിയനിലേക്ക് മടങ്ങേണ്ടി വരികയുമാണ് ഉണ്ടായത്.