എന്നെ പ്രണയിച്ചു മാനസികരോഗിയാക്കിയത് ഹൃതിക് റോഷൻ : കങ്കണ റണവത്ത്

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ ഏറ്റവുമധികം ചര്‍ച്ചയായ പ്രണയബന്ധങ്ങളിലൊന്നായിരുന്നു കങ്കണ – ഹൃതിക് ജോഡികളുടേത്. ആദ്യമൊന്നും ഇരുവരും പ്രണയം അംഗീകരിച്ചിരുന്നില്ലെങ്കിലും പിന്നീട് വാദപ്രതിവാദങ്ങളുമായി ഇരുവരും കളത്തിലെത്തിയിരുന്നു. പരസ്പരമുള്ള ആരോപണപ്രത്യാരോപണങ്ങൾ എല്ലാ അതിരുകളും കടന്നു മുന്നേറുകയും ചെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഹൃതിക്കിനെതിരെ ആഞ്ഞടിച്ച് കങ്കണ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തവണ കടുത്ത ആരോപണങ്ങളാണ് ബോളിവുഡിലെ സ്വപ്നസുന്ദരി ഉന്നയിച്ചിരിക്കുന്നത്. ഹൃതിക് റോഷൻ തന്നെ മാനസിക രോഗിയാക്കിയെന്നാണ് കങ്കണ ഇന്ത്യ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. രജത് ശര്‍മയുടെ ‘ആപ്കി അദാലത്ത്’ എന്ന ഷോയിലാണ് കങ്കണ വിവാദ വെളിപ്പെടുത്തൽ. ഹൃതിക് തന്നെ ക്രൂരമായി ചതിച്ചെന്ന് പറഞ്ഞ താരം നിരവധി രാത്രികളില്‍ ഉറക്കമില്ലാതെ കഴിയേണ്ടി വന്നുവെന്നും വ്യക്തമാക്കി.

അര്‍ധരാത്രിയില്‍ പോലും ഉണര്‍ന്നിരുന്ന് കരയുമായിരുന്നു. ഹൃതിക്കിന് അയച്ച സ്വകാര്യ ഈ മെയിലുകള്‍ ചോര്‍ന്നതിനെക്കുറിച്ചും കങ്കണ മനസുതുറന്നു.

ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ലേഖനങ്ങള്‍ വായിക്കുന്നതുപോലെ ജനങ്ങള്‍ തൻറെ പ്രണയകുറിപ്പുകള്‍ വായിക്കുകയാണെന്നും കങ്കണ ചൂണ്ടികാട്ടി.

തന്നോട് ചെയ്ത വഞ്ചനയ്ക്ക് ഹൃതിക് മാപ്പ് പറയണമെന്ന് നിറകണ്ണുകളോടെ കങ്കണ ഷോയിൽ പറഞ്ഞു. പരിപാടിയുടെ ടീസർ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.