“മത പ്രബോധന മൗലികാവകാശം അർപ്പണ ബോധത്തോടെ നിർവ്വഹിക്കുക.”-  ഹുസൈൻ സലഫി.

ഷാർജ്ജ: ത്യാഗത്തിന്റെയും ബലി സമർപ്പണത്തിന്റെയും സ്മരണകൾ അയവിറക്കി പ്രവാസലോകത്ത് വിശ്വാസികൾ വലിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ ഉൾപ്പെടെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് വലിയപെരുന്നാള്‍. തീക്ഷ്ണമായ പ്രതിസന്ധിഘട്ടങ്ങളിൽ പോലും സഹനത്തിന്റെയും അർപ്പണ ബോധത്തിന്റെയും ആദർശങ്ങളിൽ അടിയുറച്ചുള്ള പ്രവാചകൻ ഇബ്രാഹിം നബി (അലൈഹിസ്സലാം) യുടെ ത്യാഗസ്മരണകൾ ഉണർത്തുന്ന മാതൃകകൾ വിശ്വാസി സമൂഹത്തിന് പകർന്ന് നൽകിക്കൊണ്ടാണ് ഷാർജ്ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനോട് ചേർന്നുള്ള മൈതാനിയിൽ ഷാർജ്ജ മസ്ജിദ് അൽ അസീസ് ഖത്തീബും പ്രമുഖ പ്രഭാഷകനുമായ ജനാബ് ഹുസൈൻ സലഫി ഈദ് ഗാഹിന് നേതൃത്വം നൽകിയത്. മദ്യത്തിന്റെയും ആഭാസങ്ങളുടെയും അകന്പടിയില്ലാതെ തക്ബീർ ധ്വനികളുടെ അന്ത:സത്ത ഉൾക്കൊള്ളുന്ന ആഘോഷരീതികൾ മാത്രമേ വിശ്വാസികൾ പിന്തുടരാവൂ എന്ന് അദ്ദേഹം പ്രത്യേകം ഓർമപ്പെടുത്തി. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് കുടുംബസമേതം ഇത്തവണയും ഈദ് ഗാഹിലേക്കെത്തിച്ചേർന്നത്.
സർവ്വശക്തനും പ്രപഞ്ച നാഥനായ ഏക ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും തികച്ചും ഇസ്ലാമിക ആദർശങ്ങളിൽ അടിയുറച്ചു നിൽക്കുന്നതോടൊപ്പം ഈ ആദർശങ്ങളെ പ്രബോധനം ചെയ്യാനുള്ള മൗലികാവകാശം തികഞ്ഞ അർപ്പണ ബോധത്തോടെ നിർവ്വഹിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.