ഡല്‍ഹിയില്‍ 75 വര്‍ഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെട്ട കനത്ത മഴയെ തുടര്‍ന്ന് പഴയ ഡല്‍ഹി സര്‍ദാര്‍ ബസാറില്‍ 75 വര്‍ഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു. ഇന്നലെ ഉച്ച കഴിഞ്ഞതോടെയുണ്ടായ അപകടത്തില്‍ ആളപായമില്ല. ആദ്യ നിലയായിരുന്നു ആദ്യം തകര്‍ന്ന് വീണതെന്നും കെട്ടിടത്തിലുണ്ടായവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായി എന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഗോഡൗണായി പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 72മില്ലി മീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ ലഭിച്ചത്. സംഭവ സ്ഥലത്ത് നിന്ന് അവശിഷ്ടങ്ങള്‍ മാറ്റി കൊണ്ടിരിക്കുകയാണെന്നും മഴ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.