സ്‌കൂൾ ബസിലെ ബോറടി മാറ്റാം; പുതിയ പരിഷ്‌കാരവുമായ് ആർ.ടി.എ

ദുബായ്: കുട്ടികളുടെ വിദ്യാലയങ്ങളിലേക്കുള്ള യാത്രകളിൽ വൈജ്ഞാനിക മികവ് വർധിപ്പിക്കാനും, വിരസത ഒഴിവാക്കാനും പുതിയ സംവിധാനങ്ങൾ ഒരുക്കുന്നു. കൂടാതെ വിനോദപരിപാടികളും ഉൾപ്പെടുത്തിയായിരിക്കും പുതിയ പരിഷ്‌കാരം.

സ്‌കൂൾ ബസുകളിൽ വിദ്യാർത്ഥികൾക്ക് ഏകദേശം 90 മിനിറ്റ് വരെ യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഈ അവസരങ്ങളിൽ കുട്ടികളിൽ പ്രകടമാകുന്ന വിരസത ഒഴിവാക്കി കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള പ്രവണത കൊണ്ടുവരാൻ, ഇത്തരമൊരു സംവിധാനത്തിലൂടെ സാധ്യമാകുമെന്നാണ് ആർ.ടി.എയുടെ പ്രതീക്ഷ. ഇതേക്കുറിച്ച് ആർ.ടി.എ കസ്റ്റമർ കൗൺസിലും ദുബായ് ടാക്സി കോർപറേഷൻ സ്‌കൂൾ ട്രാൻസ്‌പോർട് വിഭാഗവും, സ്‌കൂൾ പ്രതിനിധികളും ആർ.ടി.എ ഉന്നത ഉദ്യോഗസ്ഥരുടെ സന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തി.

സ്‌കൂൾ യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ സ്മാർട്ട് സംവിധാനങ്ങൾ ബസുകളിൽ ഒരുക്കുന്നതായിരിക്കും. ബസ് ജീവനക്കാരിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായ് ക്യാമറകൾ ഘടിപ്പിക്കുകയും ചെയ്യും.

യാത്ര സമയപരിധി പരമാവധി കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കുന്നതാണ്. 40 മിനിറ്റ് കൊണ്ട് സ്‌കൂളുകളിലേക്കും വീടുകളിലേക്കും എത്താനുള്ള അവസരമൊരുക്കണമെന്നും, ഡ്രൈവർമാർക്ക് മികച്ച പരിശീലനം ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും കൗൺസിൽ ശുപാർശ ചെയ്തു.