ലിഫ്റ്റടിച്ച് ഇന്ത്യ കാണാനെത്തിയ രണ്ട് അതിഥികൾ

കാസർഗോഡ്: ഇന്ത്യ സന്ദർശനത്തിനായ് എത്തിയ രണ്ട് പേരെ അപ്രതീക്ഷിതമായ് കണ്ട് മുട്ടിയതിന്റെ ആവേശത്തിലാണ് കാസർഗോഡുകാർ. റോഡിലൂടെ കടന്ന് പോകുന്ന വണ്ടികൾക്കെല്ലാം കൈ നീട്ടി പൊരിവെയിലിൽ നിൽക്കുകയായിരുന്നു പീറ്ററും ഡയാനയും. പോളണ്ടിൽ നിന്നും ഇന്ത്യയെ അറിയാൻ ഇറങ്ങിയതാണ് ഇരുവരും. കയ്യിൽ വലിയ ബാഗുകളും, പയ്യന്നൂർ എന്നെഴുതിയ ബോർഡുമുണ്ട്. എന്നാൽ കാസർഗോഡ് നഗരത്തിലെ അപരിചിതരായ അതിഥികൾ ലിഫ്റ്റ് ചോദിച്ച് ഏറെ നേരം വെയിലിൽ നിന്നിട്ടും വണ്ടികളൊന്നും നിർത്തുന്നില്ല എന്നത് സങ്കടകരമാണ്.

ചിലരുടെ എവിടേക്കാണെന്ന ചോദ്യത്തിന് ലിഫ്റ്റിനായ്‌ കാത്തു നിൽക്കുകയാണെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. ഇവരെ കടന്ന് പോകുന്ന വണ്ടികൾക്കെല്ലാം കൈകാണിക്കുന്ന സായിപ്പിനെയും കൂട്ടുകാരിയേയും കണ്ടപ്പോൾ ഓട്ടോക്കാർക്കും വ്യാപാരികൾക്കുമൊക്കെ സഹതാപവും, പിന്നെ പണം പിരിച്ചു നൽകാമെന്നായി അവരുടെ മനസ്സിൽ. വണ്ടികൾക്ക് കൈകാണിച്ച് മടുത്ത ഇടവേളയിൽ അവർ ആ സത്യം വെളിപ്പെടുത്തി.

കാശില്ലാഞ്ഞിട്ടല്ല, ഇന്ത്യയെന്ന അത്ഭുതത്തെ അറിയാനും, അവിചാരിത വഴികളിലൂടെ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇരുവരും. ഇന്റർനെറ്റിൽ തരംഗമാകുന്ന ‘ഇന്ത്യൻ ഹിച്ച് ഹൈക്കിങ്ങിന്റെ’ ഭാഗമായാണ് ഇരുവരുടെയും വരവ്. കിട്ടുന്ന വാഹനത്തിൽ കയറി സൗജന്യമായ് ഉല്ലാസയാത്ര ചെയ്യുക എന്നാണ് ഇത്കൊണ്ട് അർത്ഥമാക്കുന്നത്. പോളണ്ടിലെ വൂജില്‍ വിദ്യാർത്ഥികളാണ് ഇരുവരും. പീറ്റർ എഞ്ചിനീയറിങ്ങും ഡയാന ധനശാസ്ത്രവുമാണ് പഠിക്കുന്നത്.

ഇന്റർനെറ്റ് ഇവർക്ക് നൽകിയ വിവരമനുസരിച്ച് ഇന്ത്യയാണത്രെ ഇവർക്ക് ഏറ്റവും യോജിച്ച സ്ഥലം. എന്നാൽ കാസർഗോഡ് ടൗണിൽ നിന്നും തുടങ്ങിയതല്ല ഇവരുടെ ലിഫ്റ്റ് ചോദിച്ചുള്ള യാത്ര. സെപ്റ്റർ 2-ന് മുംബൈ വിമാനത്താവളത്തിൽ എത്തിയ പീറ്ററും ഡയാനയും ലിഫ്റ്റിലൂടെ ആദ്യമെത്തിയത് ഗോവയിലാണ്. തുടർന്ന് കൈകാണിച്ചത് മംഗളൂരു വണ്ടിയിലേക്കായിരുന്നു.

കാസർഗോഡ് വരെ ടാങ്കർ ലോറിയിലെത്തിയ സംഘം ഭക്ഷണം കഴിച്ചതിന് ശേഷം ഏറെ കാത്ത് നിൽക്കുകയും പയ്യന്നൂരിലേക്ക് പോകാൻ വേണ്ടി ലോറിയിൽ ലിഫ്റ്റ് ചോദിക്കുകയുമായിരുന്നു. തുടർന്ന് കണ്ണൂർ, ആലപ്പുഴ, കോവളം എന്നിവിടങ്ങളിലെ കാഴ്ചകൾ ആസ്വദിച്ച് സെപ്റ്റംബർ 28 നായിരിക്കും ഇവർ പോളണ്ടിൽ മടങ്ങുക.