157 കോടി യു.എസ് ഡോളറിന്റെ ആസ്തി; മികച്ച ഇന്ത്യൻ യുവ കോടീശ്വരന്മാരിൽ രണ്ടാം സ്ഥാനത്ത് മലയാളിയായ ഡോ.ഷംസീർ വയലിൽ

അബുദാബി: അമേരിക്ക കേന്ദ്രമാക്കിയ പ്രമുഖ ബിസിനസ്സ് മാഗസിൻ ഫോബ്‌സിന്റെ മികച്ച ഇന്ത്യൻ യുവ കോടീശ്വരന്മാരിൽ രണ്ടാമനായ് മലയാളി. കോഴിക്കോട് സ്വദേശിയായ ഡോ.ഷംസീർ വയലിൽ ആണ് ഇന്ത്യൻ യുവ കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. കൂടാതെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ച ഏക മലയാളി എന്ന ഖ്യാതിയും ഇദ്ദേഹം സ്വന്തമാക്കി.

157 കോടി യു.എസ് ഡോളറിന്റെ ആസ്തിയോടെയാണ്, ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലെ പ്രമുഖ ഹെൽത്ത് കെയർ കമ്പനിയായ വി.പി.എസ് ഹെൽത്ത് കെയർ ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ഷംസീർ വയലിൽ എന്ന മലയാളി രണ്ടാം സ്ഥാനാം കരസ്ഥമാക്കിയത്. കൊച്ചി ലേയ്ക്ക് ഷോർ ഹോസ്പിറ്റൽ, ഡൽഹിയിലെ റോക്ക് ലാൻഡ് എന്നിങ്ങനെ മൂന്ന് അത്യാധുനിക ഹോസ്പിറ്റലുകൾ ഉൾപ്പടെ ഇരുപതോളം ആശുപത്രികളുടെയും, മെഡിക്കല്‍ സെന്ററുകളുടെയും, രാജ്യാന്തര മരുന്ന് നിര്‍മാണ കമ്പനിയുടെയും, ഫാര്‍മസികളുടെയും ഉടമ കൂടിയാണ് ഇദ്ദേഹം.

ലോകത്തിലെ ഏറ്റവും പ്രമുഖ കോടീശ്വരന്മാരുടെയും, യുവ കോടീശ്വരന്മാരുടെയും രാജ്യാന്തര പട്ടികയാണ് ഫോബ്‌സ് പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഈ വർഷം 2043 പേരെയാണ് മികച്ച കോടീശ്വരന്മാരുടെ പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് കോടീശ്വരന്മാരുടെ ഫോബ്‌സ് പട്ടികയിലെ എണ്ണം 2000 കവിയുന്നത്.