യു.എ.ഇയുടെ വളർന്നുവരുന്ന പ്രതിഭകൾക്ക് റോബിൻ സിങിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് പരിശീലനം !

ദുബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ആയ രബീന്ദ്ര രാമനാരായൺ “റോബിൻ സിങ്” യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ‘ആര്‍ എസ് സ്‌പോര്‍ട്‌സ് അക്കാദമി (RS Sports Academy)’ എന്ന പേരിൽ പുതിയ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിന്റെ നിലവാരം കുത്തനെ ഇടിഞ്ഞതോടൊപ്പം ​ക്രിക്കറ്റിന്റെ ആവേശം മുഴുവൻ ട്വന്റി 20യിലേയ്ക്ക് താഴ്ന്നുപോയിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് റോബിൻ സിങ് വ്യക്തമാക്കി. തുടർന്ന് സ്പോർട്സ്, ഫിസിക്കൽ ഫിറ്റ്നസ് പോലുള്ള മറ്റ് ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഉടൻതന്നെ പരിശീലനം നൽകപ്പെടും. സെനിത്ത് സ്‌പോര്‍ട്‌സ് അക്കാദമിയുമായി സഹകരിച്ചാണ് (Zenith Sports Academy) ലോകനിലവാരമുള്ള പരിശീലനം നടത്തുന്നത്. ഇതാദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരൻ ദുബൈ കേന്ദ്രീകരിച്ചു സ്ഥിരതാമസമാക്കിക്കൊണ്ട് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യ, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പരിശീലകരുൽപ്പെട്ട സംഘം യു.എ.ഇയുടെ വളർന്നുവരുന്ന പ്രതിഭകളെ ഈ മേഖലയിൽ മുന്നേറാൻ പരിശീലിപ്പിക്കുന്നതോടൊപ്പം വിദഗ്ദരായ ഫിസിയോതെറാപ്പിസ്റ്റുകളും ഫിസിക്കൽ ഫിറ്റ്നസ് പരിശീലകരും അക്കാഡമിയിൽ ഉണ്ടായിരിക്കും. 2001 ഏപ്രിലിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് കുറച്ചുകാലം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ചായി പ്രവർത്തിച്ച ശേഷം ഇപ്പോൾ മുംബൈ ഇന്ത്യൻസ് ടീമിന്റെ പരിശീലകനായി സേവനമനുഷ്ടിക്കുകയാണ് റോബിൻ സിങ്.