വധുവിനെ കണ്ട് വരൻ അലറി വിളിച്ചു

വിവാഹത്തിന് മുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടി, മണ്ഡപത്തിൽ നിന്ന് കല്യാണം മുടങ്ങി, എന്നിങ്ങനെ അനവധി വാർത്തകൾ നമുക്ക് പരിചിതമാണെങ്കിലും അവയിൽ നിന്നൊക്കെ വേറിട്ടൊരു വാർത്തയിതാ. സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ള സംഭവം കഴിഞ്ഞ ദിവസം വിതുരയിൽ വെച്ചാണ് ഉണ്ടായത്.

കല്യാണ മണ്ഡപത്തിൽ വിവാഹ മുഹൂർത്തമായതോടെ, വധുവിനെ മണ്ഡപത്തിലേക്ക് ആനയിച്ചപ്പോൾ കതിർ മണ്ഡപത്തിലിരുന്ന വരൻ അലറി വിളിക്കുകയായിരുന്നു. അതുവരെ ശാന്തനായി നിന്നിരുന്ന വരനിൽ പെട്ടെന്നുണ്ടായ അലറി വിളി എല്ലാവരേയും ഉത്കണ്ഠയിലാക്കി.

വരൻ ആർത്ത് അട്ടഹസിക്കുകയും, പൂക്കൾ വലിച്ചെറിയുകയും ചെയ്തെന്ന് കല്യാണത്തിന് കൂടി നിന്നവർ പറയുന്നു. അതോടെ വിവാഹം അലങ്കോലമായി. വധുവിനെ പെട്ടെന്ന് തന്നെ മാറ്റുകയും വധുവിന്റെ വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. മാനസികാസ്വസ്ഥതയുള്ള ആളായിരുന്നു വരൻ. ഇത് മറച്ച് വെച്ചാണ് കല്യാണ മണ്ഡപം വരെ കാര്യം കൊണ്ടെത്തിച്ചത്. പോലീസ് എത്തുകയും കാര്യം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും വധുവിന്റെ വീട്ടുകാർ കല്യാണത്തിൽ നിന്നും പിന്മാറുകയായിരുന്നു.