മുംബൈയിലെ ആർ.കെ സ്റ്റുഡിയോ ഭാഗികമായി കത്തി നശിച്ചു

മുംബൈ: സ്വകാര്യ ചാനലിന്‍റെ ഡാന്‍സ് റിയാലിറ്റി ഷോയ്ക്കു വേണ്ടി തയാറാക്കിയ സെറ്റിലാണ് തീപിടിത്തം ഉണ്ടായത്. സ്റ്റുഡിയോയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. പഴയകാല ബോളിവുഡ് സൂപ്പർ താരം രാജ് കപൂർ സ്ഥാപിച്ച മുംബൈയിലെ ചെമ്പൂരിലുള്ള ആര്‍.കെ ഫിലിംസ് സ്റ്റുഡിയോയിലാണ് തീപിടിത്തം നടന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ഷൂട്ടിങ്ങിനായി തയ്യാറാക്കിയ സ്ഥലത്തെ വൈദ്യുതാലങ്കാരങ്ങളുടെ സംവിധാനത്തിലുണ്ടായ തകരാറാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് സൂചന. തീപിടുത്തം നടക്കുമ്പോൾ സെറ്റില്‍ അണിയറ പ്രവർത്തകർ ആരും ഇല്ലാതിരുന്നതും അപകടത്തിന്‍റെ തീവ്രത കുറയാൻ കാരണമായി. കൂടാതെ നിമിഷങ്ങൾക്കുള്ളിൽ തന്നെ അഗ്‌നിശമനസേന സംഭവ സ്ഥലത്തെത്തിയതും വേഗത്തിൽ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു.