സ്ത്രീസുരക്ഷയ്ക്ക് ഷോക്കടിപ്പിക്കുന്ന ഷൂ

ഹൈദരാബാദ്: സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്കു അറുതിവരുത്താൻ ഇലക്‌ട്രോഷൂ വികസിപ്പിച്ചെടുത്ത് പതിനെട്ടുകാരന്‍. ഹൈദരാബാദ് സ്വദേശിയായ സിദ്ധാര്‍ത്ഥ് മണ്ഡാലയാണ് സ്ത്രീകള്‍ക്ക് സ്വയം സംരക്ഷണത്തിനായി ഇലക്‌ട്രോ ഷൂ വികസിപ്പിച്ചെടുത്തത്. ഷൂ കൊണ്ട് ചവിട്ടിയാല്‍ ഷോക്കടിക്കുന്ന രീതിയിലാണ് ഷൂവിന്റെ നിര്‍മാണം. കൂടാതെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തുകയും ചെയ്‌യുമെന്നതു കൂടി ഇതിന്റെ പ്രത്യേകതയാണ്.

ചെരിപ്പിട്ട് നടക്കുമ്പോൾ ഉണ്ടാകുന്ന ഊര്‍ജം ഉപയോഗിച്ചായിരുക്കും ഇതിന്റെ പ്രവര്‍ത്തനം. ഈ ഊര്‍ജം ഒരു റീച്ചാര്‍ജബിള്‍ ബാറ്ററിയില്‍ ശേഖരിക്കപ്പെടും. എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച നിര്‍ഭയ സംഭവം നടക്കുമ്പോൾ സിദ്ധാര്‍ത്ഥിന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. അന്നുമുതൽ സ്ത്രീ സുരക്ഷക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് സിദ്ധാര്‍ത്ഥ് ആഗ്രഹിച്ചിരുന്നു. ആ ആലോചനയാണ് ഇലക്‌ട്രോ ഷൂവില്‍ എത്തിച്ചേര്‍ന്നത്. സ്ത്രീകള്‍ എല്ലായ്പ്പോഴും ഉപയോഗിക്കുന്ന വസ്തുവാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പവും സൗകര്യപ്രദവുമായിരിക്കും എന്ന ചിന്തയാണ് ഷൂവില്‍ പരീക്ഷണം നടത്താന്‍ സിദ്ധാര്‍ത്ഥിനെ പ്രേരിപ്പിച്ചത്. രണ്ടുവര്‍ഷമാണ് ഇതിന്റെ നിര്‍മാണത്തിനായി സിദ്ധാര്‍ത്ഥ് ചെലവഴിച്ചത്.