ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് എമിറേറ്റ്‌സ് വിമാനങ്ങളില്‍ 10 ശതമാനം നിരക്കിളവ് നല്‍കും

ദുബായ്: ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് എമിറേറ്റ്‌സ് വിമാനങ്ങളില്‍ 10 ശതമാനം നിരക്കിളവ് നല്‍കും. ദുബായ് മുനിസിപ്പാലിറ്റിയും ദുബൈയുടെ സ്വന്തം വിമാനക്കന്പനിയുമായ എമിറേറ്റ്‌സ് എയർലൈൻസുമായുള്ള ധാരണപ്രകാരമാണ് മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കും കുടുംബത്തിനും വിമാനടിക്കറ്റില്‍ നിരക്കിളവ് അനുവദിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റിയും എമിറേറ്റ്‌സ് എയര്‍ലൈന്‍സും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാര്‍ ഒപ്പുവച്ചത്. എമിറേറ്റ്‌സിന്റെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും നിരക്കിളവ് ബാധകമാണ്. ബിസിനസ് ക്ലാസില്‍ നാല് ശതമാനമാണ് ഇളവ് ലഭിക്കുക. ഇതുകൂടാതെ എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്ന മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് 10 കിലോ അധിക ലഗേജും കൊണ്ടുപോകാം.