മരണത്തിനും ആധാർ നിർബന്ധം

കൊച്ചി: മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മരിച്ചയാളുടെ ആധാര്‍ നമ്പർ നിർബന്ധം. സംസ്ഥാന ജനന-മരണ രജിസ്ട്രാറാണ് ഈ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ നഗരസഭ-ഗ്രാമപഞ്ചായത്ത്-കോര്‍പറേഷനുകള്‍ക്കും ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ വെള്ളിയാഴ്ച ലഭിച്ചു. ഒക്ടോബര്‍ ഒന്ന് മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തിൽ വരിക.

മരണ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കുമ്പോൾ മരിച്ചയാളുടെ മറ്റ് വിവരങ്ങൾക്കൊപ്പം അയാളുടെ ആധാർ നമ്പറോ ആധാർ എന്റോൾമെൻറ് നമ്പറോ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുന്നയാൾക്ക് മരണപ്പെട്ടയാളുടെ ആധാർ നമ്പർ അറിയില്ലെങ്കിൽ, അപേക്ഷകന്റെ അറിവിലും വിശ്വാസത്തിലും മരിച്ചയാൾക്ക് ആധാർ ഇല്ലെന്നുള്ള സത്യപ്രസ്താവന സമർപ്പിക്കണം. അഥവാ സത്യപ്രസ്താവന വ്യാജമാണെന്ന് തെളിഞ്ഞാൽ ആധാർ ആക്ടും ജനന-മരണ നിയമ പ്രകാരവും നടപടി സ്വീകരിക്കുന്നതായിരിക്കും.