രക്തദാനത്തിനിടെ എച്ച്.ഐ.വി ബാധിച്ച പെൺകുട്ടിയെ തഴഞ്ഞതിൽ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

അർബുദ രോഗ ചികിത്സയ്ക്കെത്തിയ ഒന്‍പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ സർക്കാരിനും കുട്ടി ചികിത്സയിലായിരുന്ന തിരുവനന്തപുരത്തുള്ള റീജണൽ ക്യാൻസർ സെന്ററിനും ഹൈക്കോടതി നോട്ടീസ് അയച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

റീജണൽ ക്യാൻസർ സെന്ററിലെ അധികൃതരുടെ നിരുത്തരവാദപരമായ സമീപനം കാരണം മകളുടെ ജീവൻ അപകടത്തിലാണെന്നും ചികിത്സയ്ക്കും പുനരധിവാസത്തിനും നടപടി വേണമെന്നും ഹർജിയിൽ പറയുന്നു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും അടിയന്തര നടപടിക്ക് നിർദ്ദേശിച്ചെങ്കിലും സർക്കാർ ചില അന്വേഷണ സമിതികൾക്ക് രൂപം നൽകിയതല്ലാതെ ഇക്കാര്യത്തിൽ മറ്റൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഹർജിയിൽ ആരോപണമുണ്ട്.