പ്രഭാസിനെ തഴഞ്ഞ് രാജമൗലിയുടെ പുതിയ ചിത്രം

പ്രഭാസിനെ തഴഞ്ഞ് രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ നായകനാവുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവെന്ന് വാര്‍ത്തകള്‍.

മഹേഷ് ബാബുവുമായി രാജമൗലി കരാറില്‍ ഒപ്പിട്ടതായിട്ടാണ് വാർത്തകൾ പരക്കുന്നത്. ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഒട്ടേറെ പ്രതീക്ഷകളുമായിട്ടായിരുന്നു ആരാധകര്‍ കാത്തിരുന്നത്. രാജമൗലിയുടെ പുതിയ ചിത്രത്തിലും പ്രഭാസ് തന്നെയാകും നായകനെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷയും ആഗ്രഹവും.

പ്രഭാസിനെ ഒഴിവാക്കിയതിൻറെയും മഹേഷിനെ തെരഞ്ഞെടുത്തതിൻറെയും രഹസ്യം രാജമൗലി പുറത്തു വിട്ടിട്ടില്ല. ബാഹുബലിയെപ്പോലെ തന്നെ പുതിയ സിനിമയും ബിഗ് ബജറ്റ് ചിത്രമായിരിക്കും എന്നാണ് അണിയറ സംസാരം.

നൂറ്റിയെഴുപത് കോടിയോളം രൂപ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്‌ജെ സൂര്യ, രാകുല്‍ പ്രീത് സിംഗ്, ഭരത് എന്നിവരും ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വർഷം സിനിമ തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജമൗലി.