നടൻ മമ്മൂട്ടിക്ക്‌ നടപ്പ്‌ വയസ്സ്‌ അറുപത്തി ആറാണ്‌

താരാരാധന മൂത്ത് തെറിയഭിഷേകവും അസഭ്യവർഷവും ചൊരിഞ്ഞു മലിനമാക്കുന്ന ഫാൻസ്‌ അസോസിയേഷന് ചുട്ട മറുപടിയുമായി ഡോ. സതീഷ് കുമാർ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

മമ്മൂക്ക, മെഗാസ്റ്റാർ എന്നൊക്കെയുള്ള സ്നേഹവിളികൾ മാറ്റി വെച്ച് മനുഷ്യൻ എന്ന ഒരു ജീവിയായി പരിഗണിക്കുകയാണെങ്കിൽ അയാൾ ആയുസിൻറെ അവസാന ക്വാർട്ടറിൽ ആണ്‌

നടപ്പ്‌ കാല മലയാളി പുരുഷന്മാരുടെ ശരാശരി ആയുർ ദൈർഘ്യം വെച്ചുനോക്കിയാൽ മൂപ്പർക്ക്‌ വയസായി എന്നു സാരം

ആരാധകർ എന്ന് പണ്ട്‌ അറിയപ്പെട്ടിരുന്ന ഫാൻസ്‌ അസോസിയേഷനുകൾ എത്ര പിന്നോട്ടു തള്ളിയാലും ചെറുതായിപോകുന്ന ഒന്നല്ല ജനിച്ചനാൾ മുതൽ മുന്നോട്ട്‌ മാത്രം പോകുന്ന പ്രായം എന്ന ആ സംഗതി

കമലാ ടാക്കീസിനു മുന്നിൽ കപ്പലണ്ടി വിറ്റിരുന്ന ദാസപ്പേട്ടന്‌ വയസാകുന്നതുപോലെ , ഐ വി ശശിക്ക്‌ വയസാകുന്നതുപോലെ കെ ജി ജോർജ്ജിന്‌ വയസാകുന്നത്‌ പോലെ പുനത്തിൽ കുഞ്ഞബ്ദുള്ളക്ക്‌ വയസായതു പോലെ മമ്മൂട്ടിക്കും വയസാകും എന്നത്‌ നാം മറക്കരുത്‌.

അത്‌ ഒരു ലോക ക്രമമാണ്‌
പ്രായത്തിന്റെ പ്രകടമായ ബാഹ്യലക്ഷണങ്ങളെ തത്ക്കാലം പിടിച്ചു നിർത്താമെന്നല്ലാതെ നിങ്ങൾക്ക്‌ പ്രായത്തെ പിടിച്ചു നിർത്തുക സാധ്യമല്ല.

ഉദാഹരണത്തിന്‌ മലയാളികളെ നോക്കൂ
തല നരച്ച മനുഷ്യർക്ക്‌ ഏതാണ്ട്‌ വംശനാശം വന്നു തുടങ്ങിയിരിക്കുന്നു നമുക്കിടയിൽ
എന്നാലോ കാലമെത്തി മരിക്കുന്നവരുടെ എണ്ണത്തിൽ യാതൊരു വിധ ഇടിവൊട്ടും വന്നിട്ടില്ല താനും

പ്രായമോ ?എനിക്കോ ? എന്നൊക്കെ നടിക്കാമെങ്കിലും കാലം നിങ്ങളുടെ ദേഹത്ത്‌ അതിന്റെ പണിയായുധങ്ങൾ പ്രയോഗിക്കുക തന്നെ ചെയ്യും എന്നതാണ്‌ സത്യം

നിങ്ങളുടെ പണവും സ്വാധീനവും പ്രാർത്ഥനകളും എല്ലാം നിഷ്ഫലമാവുന്ന ഒരിടമാകുന്നു അത്‌
പണക്കാരനും പാവപ്പെട്ടവനും തുല്യരാകുന്ന ദൈവത്തിന്റെ പണിപ്പുര.

പ്രായമാവാതിരുന്നെങ്കിൽ എന്നത്‌ എല്ലാവരുടേയും ആഗ്രഹമാണ്‌.

ശരീരവും സൗന്ദര്യവും പ്രധാന വിനിമയ വസ്തുവാകുന്ന സിനിമ പോലെയുള്ള മേഖലകളിലുള്ളവരെ സംബന്ധിച്ചിടത്തോളം ഈ ആധി മറ്റുള്ളവരേക്കാൾ കൂടുതലാകുന്നതും സ്വാഭാവികം.

ആരാധന എന്നത്‌ അന്ധമായ ഒരു വികാരമാണ്‌

മതത്തിലും രാഷ്ട്രീയത്തിലും ഒക്കെ എന്നതു പോലെ സമസ്ത മേഖലകളിലും ലോജിക്‌ എന്ന സംഗതി നിലവിലില്ലാത്ത ഒന്നാകുന്നു ഈ ആരാധന എന്ന ഏർപ്പാട്‌.

ഞങ്ങളുടെ ദൈവത്തെ പറയരുത്‌ എന്ന് ഒരു വിശ്വാസി പറയുന്നതു പോലെ തന്നെ കർശ്ശനമാണ്‌ എന്റെ പ്രിയ താരത്തെ പറയരുത്‌ എന്ന് ഒരു ആരാധകൻ പറയുന്നതും.

അതിൽ ശരിയുണ്ടോ ഇല്ലയോ എന്നതൊന്നും അവന്റെ വിഷയമേ അല്ല
തലച്ചോറ്‌ എന്നത്‌ അയോഗ്യതയായ ഒരു ഉദ്യോഗമാകുന്നു താരാരാധകന്റേത്‌.

ശരിക്കും നിങ്ങൾ ഒന്നാലോചിച്ചു നോക്കൂ

വിനീത്‌ ശ്രീനിവാസൻ ഒരു സംഭാഷണത്തിൽ മോഹൻലാലിനെ ‘മോഹൻലാൽ അങ്കിൾ’ എന്ന് പരാമർശിക്കുന്നതിൽ സത്യത്തിൽ എന്ത്‌ ശരിയില്ലായ്മയാണ്‌ ഉള്ളത്‌?

തന്റെ അച്ഛന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ,പ്രായത്തിൽ തന്റെ അച്ഛനോളം വരുന്ന ഒരാളെ ഒരു ചെറുപ്പക്കാരൻ വിളിക്കേണ്ട ഏറ്റവും മാന്യവും ഉചിതവുമായ സംബോധനയല്ലേ അത്‌?

ലാലേട്ടൻ എന്ന് വിളിക്കുംബോഴല്ലേ ശരിക്കും അതിൽ ഒരു ശരികേടുള്ളത്‌
അപ്പോഴല്ലേ അയാൾ അഹങ്കാരിയാകുന്നത്‌?

എന്നാൽ ആരാധകർ അത്‌ സമ്മതിക്കാൻ തയ്യാറായോ?
‘അത്രക്കായോ അവൻ ..‘എന്ന് ആക്രോശിച്ചുകൊണ്ട്‌ ആ ചെറുപ്പക്കാരനെ ആക്രമിക്കുകയല്ലേ അവർ ചെയ്തത്‌

ഇപ്പോൾ വിവാദമായ ഈ നടിയുടെ കാര്യം നോക്കൂ

ഒരു പരസ്യമായ പരിപാടിയിൽ ഒരാൾ അവരോട്‌ ചോദിക്കുകയാണ്‌
മമ്മൂട്ടിയുടെ നായികയാവാനോ ദുൽക്കറിന്റെ നായികയാവാനോ നിങ്ങൾക്ക്‌ കൂടുതൽ ഇഷ്ടമെന്ന്

പ്രത്യേകം ശ്രദ്ധിക്കൂ
അവരുടെ ഇഷ്ടം എന്താണ്‌ എന്നാണ്‌ ചോദ്യം.

അത്തരമൊരു ചോദ്യത്തിൽ ഒരു തെറ്റുത്തരം സാധ്യമാണോ?

നിങ്ങളുടെ ഇഷ്ടം എന്ത്‌ എന്ന ചോദ്യത്തിന്‌ നിങ്ങൾക്കിഷ്ടമുള്ളത്‌ എന്താണോ അത്‌ തന്നെയല്ലേ ശരിയുത്തരം?

അവൾക്കിഷ്ടം ദുൽക്കറിന്റെ നായികയാവാനാണ്‌ എങ്കിൽ നിങ്ങൾക്കെന്ത്‌?
അവൾക്ക്‌ മമ്മൂട്ടിയുടെ നായികയാവാനിഷ്ടമില്ലെങ്കിൽ നിങ്ങൾക്കെന്ത്‌?

രണ്ടു പേരുടെയും നായികയാവാൻ എനിക്കിഷ്ടം എന്ന സ്ഥിരം ആ അയകൊയംബൻ ഉത്തരമായിരുന്നുവോ അവൾ പറയേണ്ടിയിരുന്നത്‌?

അതും പോട്ടെ എന്തു കൊണ്ടാവും നടിമാരോട്‌ മാത്രം ഇത്തരംചോദ്യങ്ങൾ?

നിങ്ങൾ ഏതെങ്കിലും ഒരഭിമുഖത്തിൽ കേട്ടിട്ടുണ്ടോ ഏത്‌ നടിയുടെ നായകനാവാനാണ്‌ നിങ്ങൾക്കിഷ്ടമെന്ന് മോഹൻലാലിനോടോ മമ്മൂട്ടിയോടോ ആരെങ്കിലും ചോദിക്കുന്നത്‌?

സണ്ണി ലിയോണിന്റെ നായകനാവുമോ എന്ന ഒരു കുസൃതി ചോദ്യമെങ്കിലും ആരെങ്കിലും അവരോട്‌ ചോദിക്കാറുണ്ടോ?

സിനിമ എന്നത്‌ താരാധിപത്യം മാത്രമല്ല ആണാധിപത്യവും നിലനിൽക്കുന്ന ഒരിടമാണ്‌ എന്നത്‌ നമുക്കറിയാത്ത കാര്യമാണോ?

നിങ്ങൾ ആലോചിച്ചിട്ടുണ്ടോ
അജു വർഗ്ഗീസിനു പോലും ഫാൻസ്‌ അസോസിയേഷൻ നിലനിൽക്കുന്ന ഒരു നാട്ടിൽ എന്തുകൊണ്ടാവും കൽപനക്കോ സുകുമാരിക്കോ ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടാവാതെ പോയത്‌?

നടന വിസ്മയത്തിൽ ആകൃഷ്ടരായി വന്നുചേരുന്ന ഒരു വിഭാഗം പ്രേക്ഷകരുടെ സ്വാഭാവികമായ സംഘം ചേരലാണ്‌ ഈ ഫാൻസ്‌ അസോസിയേഷൻ എങ്കിൽ എവിടെയാണ്‌ തിലകന്റെ ആ ആരാധക സംഘം?
എവിടെ നെടുമുടിവേണുവിന്റേത്‌?

അപ്പോൾ ഫാൻസ്‌ അസോസിയേഷൻ എന്ന സംഗതി അങ്ങനെ തനിയെ ഉണ്ടായി വരുന്നതല്ല
അത്‌ ചില പ്രത്യേക ഉദ്ദേശങ്ങളോടെ നിർമ്മിക്കപ്പെടുന്നവയാണ്‌

നിർമ്മിച്ചവനെ സ്തുതിക്കുക എന്നതായിരുന്നു
താരതമ്യേന നിർദ്ദോഷമായിരുന്ന അതിന്റെ ആദ്യകാല ചുമതലകൾ എങ്കിൽ പിന്നീടത്‌ അപരനെ ദുഷിക്കുക എന്ന തരം നികൃഷ്ടതയായി വളരുകയായിരുന്നു.

കമ്യൂണിസ്റ്റ്‌ പാർട്ടികൾ പോലും അവയുടെ മുഴുവൻ സമയ പ്രവർത്തകർക്ക്‌ ശംബളം കൊടുക്കാൻ ആലോചിക്കുന്ന കാലഘട്ടത്തിൽ ഫാൻസ്‌ അസോസിയേഷനുകളുടേത്‌ ഒരു സന്നദ്ധ പ്രവർത്തനമാവും എന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഡികളാണോ നാം?
ആരാവും ഇവരെയിങ്ങനെ തീറ്റിപോറ്റുന്നത്‌ എന്ന് ഊഹിച്ചെടുക്കാൻ അത്ര പ്രയാസമുണ്ടോ നമുക്ക്‌?

ഈ ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കായ ട്രോളുകൾ നോക്കൂ
അവ കണക്കറ്റ്‌ പരിഹസിക്കുന്നത്‌ ഈ ഫാൻസ്‌ അസോസിയേഷനുകളെ മാത്രമാണ്‌.

നടന്മാർക്ക്‌ ഒരു ബന്ധവും നിയന്ത്രണവുമില്ലാത്ത മണ്ടന്മാരുടെ ഒരു സംഘം എന്ന നിലയിലാണ്‌ ട്രോളുകളിൽ അവ പരാമർശ്ശിക്കപ്പെടുന്നത്‌.

എത്ര അസംബന്ധമാണത്‌ .
യദാർത്ഥത്തിൽ ആ പരിഹാസങ്ങൾ മെഗാ,സൂപ്പർ സ്റ്റാറുകളിലേക്ക്‌ കൂടി എത്തിച്ചേരേണ്ടതില്ലേ?
അവരുടെ അൽപത്തരങ്ങൾ കൂടി വെളിച്ചപ്പെടേണ്ടതില്ലേ?

ദൈവങ്ങൾക്കില്ലാത്ത ഒരു സ്വാതന്ത്ര്യം ഇക്കാര്യത്തിൽ ഈ മഹാനടന്മാർക്കുണ്ട്‌ എന്ന് നാം മനസിലാക്കണം.

തൻറെ ആരാധകർ ചെയ്തുകൂട്ടുന്ന വൃത്തികേടുകളെ വിലക്കാനോ, തള്ളിപ്പറയാനോ, അവർക്ക്‌ വേണ്ടി മാപ്പ്‌ ചോദിക്കാനോ കഴിയില്ല എന്നത്‌ ദൈവങ്ങളുടെ പരിമിതിയാണ്‌

എന്നാൽ മേൽപറഞ്ഞ താരങ്ങൾക്ക്‌ അത്‌ ആവാമല്ലൊ

അതൊന്നും കാര്യമാക്കണ്ട എന്നും , വേദനിച്ചുവെങ്കിൽ ക്ഷമിക്കൂ എന്നും അവർക്ക്‌ സമൂഹത്തോട്‌ പറയാമല്ലോ

നടന്മാർ എന്നത്‌ പോകട്ടെ ,മുതിർന്ന പൗരന്മാർ എന്ന നിലയിൽ അവർക്ക്‌ അതിനുള്ള ബാധ്യതയില്ലേ?

ബസിൽ പ്രത്യേക സീറ്റ്‌ നൽകിയും ,ട്രെയിൻ ടിക്കറ്റിൽ ഇളവ്‌ നൽകിയും ,നിക്ഷേപങ്ങൾക്ക്‌ പലിശകൂട്ടിയും ,നികുതികളിൽ ഇളവു നൽകിയും നാമവരുടെ പ്രായത്തെ ബഹുമാനിക്കുമ്പോൾ മാന്യരായി നമ്മോട്‌ തിരിച്ച്‌ പെരുമാറുക എന്നതും ഒരു സാമാന്യ മര്യാദയല്ലേ

മാന്യരായവരിൽ നിന്ന് മാത്രം പ്രതീക്ഷിക്കാവുന്നതും നിയമപരമായി അവർ ബാധ്യസ്ഥരല്ലാത്തതുമായ ഒന്നാകുന്നു മര്യാദ എന്നതിനാൽ തത്ക്കാലം നമുക്ക്‌ നിരാശരാവുകയേ ആ കര്യത്തിൽ തരമുള്ളൂ അല്ലേ?

പ്രായത്തെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയത്‌ അതിനെക്കുറിച്ച്‌ തന്നെ പറഞ്ഞു കൊണ്ട്‌ അവസാനിപ്പിക്കാം എന്നു കരുതുന്നു

ജീവനുള്ള എല്ലാത്തിനും ഒരു നിശ്ചിതമായ ആയുസ്‌ നിർണയിക്കപ്പെട്ടിട്ടുണ്ട്‌ എന്നത്‌ ആരും മറന്നു പോകാതിരിക്കുക

നോട്ടി അറ്റ്‌ ഫോർട്ടി,കളർഫുൾ ഫിഫ്റ്റി,സ്വീറ്റ്‌ സിക്സ്റ്റി എന്നൊക്കെ അവനവന്റെ മനസമാധാനത്തിനു വേണ്ടി പറയുന്നതിൽ തെറ്റൊന്നുമില്ല

പക്ഷേ അതോടൊപ്പം തന്നെ
മമ്മൂട്ടിയിൽ മാത്രമല്ല ജീവനുള്ള സകലതിലും ഒരു സമയമെത്തുമ്പോൾ കോശങ്ങൾ അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും
വ്യായാമം,ഭക്ഷണ ശീലങ്ങൾ ,
സൗന്ദര്യ സംരക്ഷണ,കായകൽപ ചികിത്സകൾ എന്നിവയുടെയൊക്കെ പ്രതിരോധങ്ങളെ മറികടന്നുകൊണ്ട്‌ ഒടുവിൽ വാർദ്ധക്യവും മരണവും വന്നുചേരുക തന്നെ ചെയ്യും എന്ന് മറന്നുപോകരുത്‌ എന്നതും വളരെ പ്രധാനമാണ്‌

ഒരാരാധകനും എത്രമേൽ ശ്രമിച്ചാലും ആയതിനെ തടയുക അസാധ്യമാണ്‌ എന്ന സത്യത്തെയും നാം മറക്കാതിരിക്കുക.

അങ്ങനെയല്ല്ലായിരുന്നുവെങ്കിൽ പ്രിയങ്കരിയായിരുന്ന മാധവിക്കുട്ടിയെ ഒന്ന് തൊടാൻ പോലും വാർദ്ധക്യത്തെ അനുവദിക്കുമായിരുന്നോ ഈ ഞാൻ.

ഡോ. സതീഷ് കുമാർ