ഡാറ്റ ജീവവായുവാണെന്നും, ഇന്ത്യയിലത് ആവശ്യത്തിലധികം ഉണ്ടെന്നും മുകേഷ് അംബാനി


ഡിജിറ്റല്‍ സാമ്പത്തിക കൈമാറ്റ വ്യവസ്ഥയുടെ ജീവവായുവാണ് ഡാറ്റയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ന്യൂഡല്‍ഹിയില്‍ പ്രഗതി മൈദാനില്‍ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ്സ് – 2017 വേദിയില്‍ സംസാരിക്കുമ്പോൾ അഭിപ്രായപ്പെട്ടു.

ഡാറ്റ എന്നത് ‘സുപ്രധാനവും ജീവൻ നിലനിർത്താനാവശ്യവുമായ വിഭവങ്ങളിൽ ഒന്നാണ്’ എന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. എല്ലാ ഭാരതീയർക്കും ഏറ്റവും കുറഞ്ഞ വിലയില്‍ അത് ലഭിക്കേണ്ടത് അത്യാവശ്യമാണ്. നാലാമത് വ്യാവസായിക വിപ്ലവം പരസ്പരം ബന്ധിപ്പിക്കുക, നിര്‍മ്മിത ബുദ്ധി, ഡാറ്റ തുടങ്ങിയവയിലുണ്ടായ മുന്നേറ്റങ്ങളോടെ ആരംഭിച്ചു കഴിഞ്ഞു. ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലാത്ത ഒരു വസ്തുവാണ് ഡാറ്റ. അതാവട്ടെ നമുക്കിവിടെ ആവശ്യത്തിലധികം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത പത്തു വര്‍ഷത്തിനുള്ളിൽ ഇന്ത്യന്‍ ടെലികോം രംഗം 2.5 ട്രില്ല്യന്‍ ഡോളറില്‍ നിന്നും ഏഴ് ട്രില്ല്യന്‍ ഡോളര്‍ വരെ വളര്‍ച്ച പ്രാപിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ മൂന്നു സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറും. അടുത്ത പന്ത്രണ്ട് മാസങ്ങള്‍ക്കകം 4G നെറ്റ് വർക്ക് നിര്‍മ്മിത ബുദ്ധി 2G നെറ്റ് വർക്കിനെ മറി കടക്കും. എല്ലാ ഭാരതീയർക്കും കുറഞ്ഞ വിലയില്‍ ഇന്‍റര്‍നെറ്റ് ലഭിക്കേണ്ട സമയമായെന്നും അംബാനി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 155ാം സ്ഥാനത്തുനിന്നും ഒറ്റ കുതിപ്പിലാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഉപഭോക്താക്കളായി മാറിയത്. അത് വലിയ നേട്ടം തന്നെയാണ്.

ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്‍റെയും ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്‍റെയും സഹകരണത്തോടുകൂടി കെ ആന്‍ഡ് ഡി കമ്യൂണിക്കേഷന്‍സ് ലിമിറ്റഡും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2017 ഡൽഹിയിൽ സംഘടിപ്പിക്കുന്നത്.