മകളുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങി അകാലിദള്‍ മുന്‍മന്ത്രി

ഛണ്ഡീഗഡ് : മകളുടെ സഹപാഠിയായിരുന്ന വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ച കേസില്‍ അകാലിദള്‍ നേതാവും മുന്‍ മന്ത്രിയുമായ സുച്ചാ സിംഗ് ലംഗക്കെതിരേ പീഡന കേസുമായി വനിതാ കോണ്‍സ്റ്റബിൾ രംഗത്ത്. മകളുടെ സഹപാഠിയാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നും പറഞ്ഞിട്ടും അയാള്‍ വിട്ടില്ല. ജോലി വേണമെന്നുണ്ടെങ്കില്‍ തനിക്ക് വഴങ്ങണമെന്നും എതിര്‍ത്താല്‍ താനുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ക്വട്ടേഷന്‍ ഗുണ്ടകളെ വെച്ച്‌ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

പഞ്ചാബിലെ മുന്‍ കൃഷിമന്ത്രി സുച്ചാസിംഗ് ലഗായ്ക്കെതിരേ നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ ഒരു വനിതാ കോണ്‍സ്റ്റബിളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ന്ന് നേതാവിനെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി സുച്ചാസിംഗ് തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി കാട്ടി കഴിഞ്ഞദിവസമാണ് പഞ്ചാബ് പൊലീസിലെ വനിതാ കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയത്.

ശിരോമണി അകാലിദളിന്റെ തീപ്പൊരി നേതാക്കളില്‍ ഒരാളായ സുച്ചാ സിംഗാണ് വനിതാ കോണ്‍സ്റ്റബിളിന്റെ ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നത്. പീഡനത്തിന്റെ തെളിവായി പീഡനദൃശ്യങ്ങള്‍ അടങ്ങുന്ന 20 മിനിറ്റ് ദൈര്‍ഘ്യമുള്ള പെന്‍ഡ്രൈവും യുവതി പരാതിക്കൊപ്പം നല്‍കിയിരുന്നു. ഒമ്പതു വര്‍ഷമായി തന്നെ സുച്ചാസിംഗ് നിരന്തരം പീഡനത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. എതിര്‍ത്തപ്പോള്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും തനിക്ക് ഗുണ്ടകളുണ്ടെന്നും അവരെക്കൊണ്ടു കൊല്ലാന്‍ പോലും മടിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിട്ടുണ്ട്. മാനഭംഗം, ഭീഷണിപ്പെടുത്തി സ്വത്ത് കൈക്കലാക്കല്‍, തട്ടിപ്പ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ബിജെപി-അകാലിദള്‍ സഖ്യത്തില്‍ മത്സരിക്കുന്ന സ്വരന്‍ സലേരിയുടെ പ്രചരണം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴാണ് മാനഭംഗക്കേസ് വന്നിരിക്കുന്നത്. ഒക്ടോബര്‍ 11 നാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ പ്രതിച്ഛായ തകര്‍ക്കാന്‍ നടക്കുന്ന ശ്രമം എന്ന പ്രതിരോധവുമായി എത്തിയ സുച്ചാസിംഗ് കോടതിയില്‍ ഉടന്‍ ഹാജരാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.