കടലിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനത്തിന്റെ എൻജിൻ തകരാറിലായി; വൻ ദുരന്തം ഒഴിവായി

പാരിസ്: യു.എസിലെ ലോസാഞ്ചൽസിലേക്ക് 520 യാത്രക്കാരുമായി പുറപ്പെട്ട എയർ ഫ്രാൻസ് വിമാനം അടിയന്തിരമായി ഇറക്കി. വിമാനം പറക്കുന്നതിനിടെയുണ്ടായ യന്ത്രത്തകരാറിനെ തുടർന്നായിരുന്നു കാനഡയിലെ ഗൂസ് ബേ സൈനിക വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് ചെയ്തത്.

അത്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് എയർ ബസ് എ 380 വിമാനത്തിന്റെ നാല് എഞ്ചിനുകളിലൊന്ന് തകരാറിലായത്. ആടിയുലഞ്ഞ വിമാനം സുരക്ഷിതമായ് ഇറക്കാൻ കഴിഞ്ഞതോടെ ഒഴിവായത് വൻ ദുരന്തമാണ്.

ഒരു മണിക്കൂർ നേരത്തോളം മൂന്ന് എൻജിനുകൾ വെച്ച് പറന്നതിന് ശേഷമാണ് അടിയന്തര ലാൻഡിംഗ് ചെയ്തത്. എൻജിന് തകരാർ സംഭവിച്ചതോടെ വൻ ശബ്ദത്തോടെ കുലുങ്ങിയതായും, വിമാനം താഴേക്ക് പതിക്കുന്നത് പോലെ അനുഭവപ്പെട്ടുവെങ്കിലും പെട്ടെന്ന് തന്നെ വിമാനം സ്ഥിരത കൈവരിച്ചു എന്നാണ് യാത്രക്കാർ പറയുന്നത്. കേടായ എൻജിനുമായുള്ള ബന്ധം വിച്ഛേദിപ്പിച്ചതോടെ കൂടുതൽ അപകടത്തിൽ നിന്നും വിമാനം വഴിമാറുകയായിരുന്നു.

എയർ ബസ് എ 380 ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമാണ്. രണ്ട് നിലകളിലായി 555 യാത്രക്കാരെ വഹിക്കുന്ന വിമാനം 2005 ഏപ്രിൽ 27 നാണ് ആദ്യമായ് യാത്ര നടത്തിയത്. സിംഗപ്പൂർ വിമാനക്കമ്പനിയാണ് ഈ വിമാനം ആദ്യമായ് സ്വന്തമാക്കിയത്.