ദൈവത്തിന്റെ കരങ്ങളുമായ് എത്തിയ ജവഹറിന് അജ്‌മാൻ ഭരണാധികാരിയുടെ ആദരവ്

അജ്‌മാൻ: വാഹനാപകടത്തെ തുടർന്ന് വസ്ത്രത്തിന് തീ പിടിച്ച് പ്രാണ രക്ഷാർത്ഥം ഓടുകയായിരുന്ന ഇന്ത്യൻ സ്വദേശിയായ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തിയ യുവതിക്ക് അജ്‌മാൻ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ നുഐമിയുടെ ആദരവ്.

അജ്‌മാൻ സ്വദേശിനിയായ ജവഹർ സൈഫ് അൽ ഖുമൈതി എന്ന യുവതിയാണ് ദൈവത്തിന്റെ കൈകളുമായി മരണ വെപ്രാളത്തിൽ ഓടുന്ന ട്രക്ക് ഡ്രൈവറായ യുവാവിനെ രക്ഷപ്പെടുത്തിയത്. തന്റെ അബായ ഉപയോഗിച്ചാണ് യുവതി അയാളുടെ ജീവൻ തിരികെ പിടിച്ചത്.

ഖലീഫ റോഡിൽ ആശുപതിയിൽ കഴിയുന്ന സുഹൃത്തിനെ കണ്ട് മറ്റൊരു സുഹൃത്തിനോടൊപ്പം കാറിൽ മടങ്ങുകയായിരുന്നു ജവഹർ സൈഫ് അൽ ഖുമൈതി. രണ്ട് ട്രക്കുകൾ റോഡിൽ കത്തുകയും, അതിൽ ഒന്നിൽ നിന്ന് ഒരാൾ തീ പിടിച്ച വസ്ത്രവുമായ് പ്രാണ വെപ്രാളത്തിൽ നിലവിളിച്ച് ഓടുന്നതും യുവതിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

കാർ റോഡരികിൽ നിർത്തി തന്റെ അബായ ഊരിയെടുക്കാൻ കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് ആവശ്യപ്പെടുകയും, അബായയുമായ് യുവാവിനരികിൽ ഓടിയെത്തുകയും അബായ കൊണ്ട് അയാളെ പുതപ്പിച്ച് അഗ്നിയിൽ നിന്നും രക്ഷപെടുത്തുകയുമായിരുന്നു. കുറെ തൊഴിലാളികൾ അവിടെ ഉണ്ടായിരുന്നെങ്കിലും ആരും യുവാവിനെ രക്ഷപ്പെടുത്താൻ മുമ്പോട്ട് വന്നില്ല എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.

യുവാവിനെ സമാശ്വസിപ്പിച്ച ജവഹർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും, ദ്രുതഗതിയിൽ പൊലീസ്, ആംബുലൻസ്, പാരാമെഡിക്കൽ ടീം എന്നിവർ സ്ഥലത്തെത്തുകയും യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രണ്ടാമത്തെ ട്രക്ക് ഡ്രൈവറെയും ആശുപത്രിയിൽ കൊണ്ട് പോയതിന് ശേഷമാണ് ജവഹറും കൂട്ടുകാരിയും മടങ്ങിയത്.