23 അടി നീളമുള്ള ഭീമൻ പാമ്പുമായുള്ള ഏറ്റുമുട്ടലിൽ യുവാവിന് ഗുരുതര പരിക്ക്

സിനിമയിലും കാർട്ടൂണിലും മാത്രം കണ്ട് പരിചയമുള്ള കൂറ്റൻ പാമ്പിനോട് പൊരുതി ജയിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. ഇന്തോനേഷ്യയിൽ കണ്ടെത്തിയ 23 അടി നീളമുള്ള ഭീമൻ പാമ്പിനെ കൊല്ലുന്നതിനിടെയാണ് 37 കാരനായ യുവാവ് പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായത്. ഇന്ദ്രഗിരി ഹുലു റീജൻസി ഏരിയയിലെ ഓയിൽ പ്ലാന്റേഷനിലെ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യുന്ന റോബർട്ട് നബാബാണ് ഈ സാഹസികതയ്ക്ക് മുതിർന്നത്.

താൻ ജോലിയിൽ നിന്നും മടങ്ങുമ്പോൾ ഈ ഭീമൻ പാമ്പ് റോഡിൽ വിലങ്ങനെ കിടന്ന് യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. പാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ പാമ്പ് അയാൾക്ക് നേരെ തിരിയുകയായിരുന്നു. ഏറെ നേരത്തെ സാഹസികമായ പോരാട്ടത്തിനൊടുവിൽ റോബർട്ട് കൂറ്റൻ പാമ്പിനെ കീഴടക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ ഇയാൾക്ക് പാമ്പിന്റെ കടിയേൽക്കുകയും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ റിയാവു പ്രവിശ്യയിൽ റോഡിന് മദ്ധ്യേ വെച്ച് റോബോട്ട് നടത്തിയത് അതി ഭയാനകമായ പ്രകടനം തന്നെയായിരുന്നു. ഈ പാമ്പിനെ കാണാൻ ആയിരങ്ങൾ ഒഴുകുകയാണെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.

താൻ പാമ്പിനെ പിടിച്ചടക്കാൻ ശ്രമിക്കുന്നതിനിടെ അത് തന്റെ കൈയ്യിൽ കടിക്കുകയായിരുന്നു എന്നാണ് റോബർട്ടിന്റെ പ്രതികരണം. എന്നാൽ കടുത്ത പോരാട്ടത്തിനൊടുവിൽ താൻ പാമ്പിനെ കീഴടക്കിയെന്നും വളരെ അഭിമാനത്തോടെ അദ്ദേഹം പറയുന്നുണ്ടായിരുന്നു.