നടിയെ ആക്രമിക്കാൻ ക്വട്ടെഷൻ നൽകിയത് ദിലീപാണെന്ന് രഹസ്യമൊഴി

ആലുവ: നടിയെ ആക്രമിക്കാൻ ക്വട്ടെഷൻ നൽകിയത് ദിലീപാണെന്ന് കേസിലെ ഏഴാം പ്രതി ചാർളിയുടെ രഹസ്യമൊഴി. നടിയെ ആക്രമിച്ചത് ക്വട്ടെഷൻ പ്രകാരമാണെന്ന് പൾസർ സുനി തന്നോട് പറഞ്ഞിരുവെന്ന് ചാർളി പൊലീസിന് നൽകിയ രഹസ്യമൊഴിയിൽ പറയുന്നു. നടിയെ ആക്രമിച്ച ശേഷം പൾസർ സുനി ഒളിച്ചു താമസിച്ചത് ചാർളിയുടെ കൂടെയായിരുന്നു. ഒന്നരക്കോടി രൂപ ദിലീപ് നൽകാമെന്ന് പറഞ്ഞാണ് ജോലി ഏൽപ്പിച്ചതെന്നും സുനി പറഞ്ഞു. നടിയെ ആക്രമിക്കുന്നതിൻറെ ദൃശ്യങ്ങളും താൻ കണ്ടിരുന്നുവെന്നും ചാർളിയുടെ രഹസ്യമൊഴിയിൽ പറയുന്നു. കേസിൽ ചാർളിയെ മാപ്പുസാക്ഷിയാക്കും.
ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ സാഹചര്യത്തിൽ എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് യോഗം ചേർന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് സംബന്ധിച്ചാണ് ചർച്ച നടന്നത്. ദിലീപിന് ജാമ്യം നൽകിയ അവസരത്തിൽ ഹൈക്കോടതി പൊലീസിൻറെ ഇടപെടലുകളെ രൂക്ഷമായി വിമർശിച്ചിരുന്നു. അതുകൊണ്ടുതന്നെ പഴുതുകൾ അടച്ചുള്ള കുറ്റപത്രം സമർപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.