അനസ്തേഷ്യക്ക് പകരം ചിരിവാതകം; രാജ്യത്ത് മരണം 14

വാരണാസി : ബനാറസ് ഹിന്ദു സര്‍വകലാശാലയോട് ചേര്‍ന്നുള്ള സുന്ദര്‍ലാല്‍ ആശുപത്രിയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അനസ്‌തേഷ്യ മരുന്നിന് പകരം വ്യവസായിക ആവശ്യത്തിനുളള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്നു 14 പേർ മരണപെട്ടു. ആശുപത്രികളില്‍ ചികിത്സയ്ക്ക് അനുവദിച്ചിട്ടില്ലാത്ത വാതകം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചതാണ് മരണത്തിന് കാരണം. അനസ്‌തേഷ്യയ്ക്ക് പകരം നൈട്രസ് ഓക്‌സൈഡ് ആണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചതെന്ന് യുപി ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.

അലഹാബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനി പരേഹത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണ് ആശുപത്രിയിലേക്കു നൈട്രസ് ഓക്‌സൈഡ് വിതരണം ചെയുന്നത്. എന്നാല്‍ ഈ കമ്പനിക്ക് മെഡിക്കല്‍ വാതകങ്ങള്‍ നിര്‍മ്മിക്കാനോ വില്‍ക്കാനോ ഉള്ള അനുമതിയില്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തുകയുണ്ടായി.

ചിരിവാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് നേരിയ തോതില്‍ വൈദ്യരംഗത്ത് ഉപയോഗിക്കാറുണ്ട്. മയക്കത്തിനും വേദനസംഹാരിയായും ഉപയോഗിക്കുന്ന ഈ വാതകം പരിധിവിട്ട് ഉപയോഗിച്ചാൽ തലച്ചോറിൻറെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും എന്നും തുടർന്ന് ഇത് മരണത്തിലേക്ക് നയിക്കും എന്നുമാണ് പഠനങ്ങൾ തെളിയിക്കുന്നത്.

അലഹബാദ് നോര്‍ത്തിലെ ബിജെപി എംഎല്‍എ ഹര്‍ഷവര്‍ധന്‍ ബാജ്പെയ്യുടെ പിതാവ് അശോക് കുമാര്‍ ബാജ്പെയ് ആണ് പരേഹാത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിൻറെ ഡയറക്ടര്‍. അശോക് കുമാറിന് 1.21 കോടി ഓഹരികളാണ് ഈ കമ്പനിയിലുള്ളത്.