ഇ ടി മുഹമ്മദ് ബഷീറിന്റെ മുജാഹിദ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി സമസ്ത

തിരുവനന്തപുരം: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ മുജാഹിദ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ സമസ്ത രംഗത്ത്. കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദ് പ്രസ്ഥാനമാണെന്ന ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയാണ് സമസ്ത നേതാക്കളെ ചൊടിപ്പിച്ചത്. ഇ ടിയുടെ പ്രസ്താവന അതിരുകടന്നതും അനുചിതവുമാണെന്ന് സമസ്ത നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

മുജാഹിദ് സമ്മേളന പ്രചരണാര്‍ഥം പുറത്തിറക്കിയ ക്ലിപ്പിങിലാണ് ഇ ടി മുഹമ്മദ് ബഷീർ മുജാഹിദ് പ്രസ്ഥാനത്തെക്കുറിച്ച് വാചാലനായത്. കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദ് പ്രസ്ഥാനമാണെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. എന്നാൽ ഇ.ടിയെ പോലുള്ളൊരു രാഷ്ട്രീയ നേതാവിന്റെ ഭാഗത്ത് നിന്നും ഇത്തരം പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ലെന്നാണ് സമസ്തയുടെ പക്ഷം. അദ്ദേഹം നടത്തിയ പ്രസ്താവനയിലൂടെ മുജാഹിദ് വിഭാഗം വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോഥാനമുണ്ടാക്കിയതെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള പരിശ്രമമാണെന്ന് സമസ്ത ആരോപിച്ചു. ഇത് സുന്നി ആശയത്തെ അവമതിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സമസ്ത കൂട്ടിച്ചേർത്തു.

തീവ്രവാദ ചിന്തകള്‍ ലോകത്ത് വളര്‍ത്തി ഇസ്‌ലാമിന് അപരിഹാര്യ നഷ്ടങ്ങള്‍ വരുത്തിവച്ചത് സലഫികളാണെന്ന് ലോകം പരക്കെ അംഗീകരിക്കുകയും, കേരളത്തില്‍ നിന്നു പോലും യമനിലേക്കും ഐ.എസിലേക്കും സലഫികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ആരോപണം നിലനിൽക്കുമ്പോഴും ഒരു പാര്‍ലമെന്റ് അംഗത്തിന്റെ വസ്തുതാ വിരുദ്ധ പ്രസ്താവന അനൗചിത്യമാണെന്നും മുന്‍കാല ലീഗ് നേതാക്കളായ കെ.എം സീതിസാഹിബ്, എം.കെ ഹാജി, സീതി ഹാജി, അവുക്കാദര്‍കുട്ടി നഹ, എ.വി അബ്ദുറഹ്മാന്‍ ഹാജി തുടങ്ങിയ മുജാഹിദ് നേതാക്കള്‍ സ്വീകരിച്ച പൊതുമര്യാദ പാലിക്കാന്‍ ഇ.ടിയും ബാധ്യസ്ഥയാണെന്നും സമസ്ത വ്യക്തമാക്കി.

സമസ്ത നേതാക്കളായ എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ നദ്‌വി (സമസ്ത മുശാവറ), പിണങ്ങോട് അബൂബക്കര്‍ (എസ്.എം.എഫ്), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി (എസ്.വൈ.എസ്), ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), പുത്തനഴി മൊയ്തീന്‍ ഫൈസി (വിദ്യാഭ്യാസ ബോര്‍ഡ്), കോട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ (മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍), കെ മോയിന്‍ കുട്ടി മാസ്റ്റര്‍ (മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍), സത്താര്‍ പന്തല്ലൂര്‍ (എസ്.കെ.എസ്.എസ്.എഫ്) എന്നിവരാണ് ഇ ടി മുഹമ്മദ് ബഷീർ എം പിക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കിയത്.