യോഗാപരിശീലനത്തിന്റെ മറവിൽ പൊലീസിൽ സംഘപരിവാര്‍ രഹസ്യ സെല്‍ രൂപീകരിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: യോഗാപരിശീലന കേന്ദ്രത്തിന്റെ മറവിൽ പൊലീസിൽ സംഘപരിവാര്‍ രഹസ്യ സെല്‍ രൂപീകരിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്കായി ‘തത്വമസി’ എന്ന പേരില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ്‌ആപ് ഗ്രൂപ്പ് ആരംഭിച്ചതായി റിപ്പോട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിനകത്തെ ഒരു വിപാകത്തിന്റെ സംഘപരിവാർ അജണ്ടകൾ പുറത്തുവരുന്നത്.

ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കു മേല്‍െക്കെയുള്ള സര്‍വീസ് സംഘടനയ്ക്കു ബദലായി പൊലീസില്‍ സംഘപരിവാര്‍ ആഭിമുഖ്യമുള്ള പുതിയ സംഘടന രൂപീകരിക്കുന്നത് ഇവരുടെ ലക്ഷ്യമാണെന്ന് സംഘപരിവാർ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി ബി.എസ്. മുഹമ്മദ് യാസിനു കൈമാറി.
സംഘപരിവാർ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഇരുപതോളം ഉദ്യോഗസ്ഥരുടെ പട്ടികയും റിപ്പോര്‍ട്ടിനൊപ്പമുണ്ട്.

പൊലീസില്‍ ആര്‍.എസ്.എസ്. സെല്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി 2017 ഓഗസ്റ്റ് 17-നു കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തില്‍ തത്വമസി അംഗങ്ങള്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവളം ടൂറിസം പൊലീസിലെ ഉദ്യോഗസ്ഥനാണു സെല്‍ അധ്യക്ഷന്‍. ഇന്റലിജന്‍സ് ബോംബ് സ്ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജനറല്‍ കണ്‍വീനറും തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ സെക്രട്ടറിയുമാണ്. പൊലീസില്‍ സംഘപരിവാര്‍ അനുകൂലതരംഗം സൃഷ്ടിക്കുകയും വേങ്ങര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ സഹായിക്കുകയുമാണു ഗ്രൂപ്പിന്റെ ലക്ഷ്യം. പ്രവര്‍ത്തനം സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി 20 പേരടങ്ങുന്ന ഉന്നതാധികാരസമിതിയും നിലവില്‍വന്നു. പൊലീസ് അസോസിയേഷനില്‍ വിള്ളലുണ്ടാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ളവരെ തലപ്പത്തു പ്രതിഷ്ഠിക്കാനും നീക്കമുണ്ട്. തത്വമസി യോഗ ആന്‍ഡ് മെഡിറ്റേഷന്‍ എന്ന പേരിലുള്ള ഗ്രൂപ്പില്‍ സംഘപരിവാര്‍ അനുകൂലികളായ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് പ്രവര്‍ത്തനം വിപുലീകരിക്കും. എല്ലാമാസവും വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്ന് സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തും. 11 മാസംകൊണ്ട് അവസാനിക്കുന്ന, 1000 രൂപ മാസത്തവണയുളള ചിട്ടി ആരംഭിക്കും.