കൂടുതൽ പുതുമകളുടെ വിസ്മയ ലോകം തീർത്ത് ‘ബുർജ് ഖലീഫ’.

ദുബൈ: ദുബൈയുടെ സ്വന്തം സ്വകാര്യ അഹങ്കാരമെന്നറിയപ്പെടുന്ന ‘ബുർജ് ഖലീഫ’ സന്ദർശകർക്കായി പുതിയ കവാടം തുറന്നുകൊണ്ട് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ആധുനിക രീതിയിലുള്ള ഡി​ജി​റ്റ​ൽ സാങ്കേതിക വി​ദ്യ​യി​ൽ വി​രി​യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ്​ ബു​ർ​ജി​ന്റെ ഭം​ഗി​യെ കൂടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്. അറബ് ഐക്യനാടുകളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ. ആകാശത്തുനിന്നു കാണാൻപോകുന്ന അത്ഭുതകാഴ്ചകൾക്കു മുന്നോടിയായിത്തന്നെ ചരിത്രവും സംസ്‌ക്കാരവും കൂട്ടിച്ചേർത്തുള്ള കാഴ്ച്ചകൾ താഴെ നിന്നുതന്നെ സന്ദർശകർക്ക് ആസ്വദിക്കാനാകും. ദുബൈയിലെ പ്രധാന ഗതാഗത പാതയായ ഷെയ്ഖ് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന ഈ കൂറ്റൻ എടുപ്പിന്റെ ശില്പി അഡ്രിയാൻ സ്മിത്ത് ആണ്. അറബ് മേഖലയിൽ ഏറ്റവും കൂടുതൽപേർ സന്ദർശിക്കുന്ന ‘ബുർജ് ഖലീഫ അറ്റ് ദ ടോപ്പി’ന്റെ സ്വീകരണ മേഖലയിലാണ് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ ആകർഷണീയവും സൗകര്യപ്രദവുമാകത്തക്കരീതിയിൽ കെട്ടിടത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബുർജ് ഖലീഫയുടെ മുകളിൽ സന്ദർശകരെ ആകർഷിക്കുന്ന ‘അറ്റ് ദ ടോപ്’, ‘അറ്റ് ദ ടോപ് ബുർജ് ഖലീഫ സ്കൈ’ എന്നിവിടങ്ങളിലേക്കു പോകാനായി എത്തുന്ന സന്ദർശകരെ സ്വീകരിക്കുന്ന മേഖലയിലാണു പുതിയ സൗകര്യങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. നേരത്തേയുണ്ടായിരുന്ന സ്വീകരണ മേഖലയുടെ വിസ്തൃതി മൂന്നിരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഭിത്തിയിൽത്തന്നെ സ്ഥാപിച്ചിരിക്കുന്ന വീഡിയോ വാളിൽ, സന്ദർശകരെ ഓരോരുത്തരെയും സെൻസറുകൾ വഴി തിരിച്ചറിഞ്ഞ് അവരുടെ മുന്നോട്ടുള്ള നടത്തം അനുസരിച്ചുള്ള കലാരൂപങ്ങളും തെളിയും. സമുദ്രജലത്തിന്റെയും മരുഭൂമിയിലെ പാറകളുടെയും മൊസെയ്ക് ചിത്രങ്ങളുടെയും കലാപരമായ ആവിഷ്‌ക്കാരം മുന്നോട്ടുള്ള യാത്രയിൽ വിഡിയോ വാളിൽ സന്ദർശകരെ അനുഗമിക്കും. ബുർജ് ഖലീഫയുടെ മാതൃകയാണു മറ്റൊരു ആകർഷണം. മേഘങ്ങൾ, ജലം, മണ്ണ്, ഗ്ലാസ് എന്നിങ്ങനെ നാലു പ്രമേയങ്ങളിലായി ബുർജ് മാതൃകയിൽ രൂപങ്ങൾ തെളിയും. ബുർജ് ഖലീഫ മാതൃക സ്ഥാപിച്ചിരിക്കുന്നതു മാന്ത്രിക ഗ്ലാസിലാണ്. സന്ദർശകരുടെ ചലനങ്ങൾക്കനുസരിച്ച് ഈ ഗ്ലാസിലും മാറ്റം വരും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദേശം ഇതിനിടയിൽ സന്ദർശകരെ തേടിയെത്തുകയും ചെയ്യും.
ഇതോടൊപ്പം പഴയ ദുബായിയുടെ ചരിത്രം വിവരിക്കുന്ന ഓഡിയോ – വിഡിയോ ചിത്രീകരണവും നമ്മുക്ക് കാണാനാകും. നഗരത്തിന്റെ ചരിത്രവും നേട്ടങ്ങളും ദൃശ്യങ്ങളിൽ തെളിയും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്ദർശകർക്കു നവ്യാനുഭവം പകരാനാണു ശ്രമിക്കുന്നതെന്ന് ഇമാർ പ്രോപ്പർട്ടീസ് ഗ്രൂപ്പ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ ഫലസി പറഞ്ഞു.
160 നിലകളോടു കൂടിയ, 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെയുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്. ബുർജ് ഖലീഫയിൽ 555 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ‘ഒബ്സർവേഷൻ ഡെക്കാ’ണ് സന്ദർശകരെ ഏറ്റവും ആകർഷിക്കുന്നത്. ‘വെർട്ടിക്കൽ സിറ്റി’ എന്ന് അറിയപ്പെടുന്ന ബുർജ് ഖലീഫയുടെ 124, 125, 148 നിലകളുടെ സന്ദർശനമാണ് അറ്റ് ദ് ടോപ് – ബുർജ് ഖലീഫ സ്കൈ വഴി ഒരുങ്ങുന്നത്. ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ അറ്റ് ദ് ടോപ് ബുർജ് ഖലീഫ സ്കൈയുടെ സന്ദർശനത്തിന് 500 ദിർഹമാണു ടിക്കറ്റ് ചാർജ്. എന്നാൽ, 124- മത് നിലയിലുള്ള അറ്റ് ദ് ടോപ് ബുർജ് ഖലീഫ സന്ദർശിക്കാൻ 125 ദിർഹമാണു നൽകേണ്ടത്.