സോളാർ കേസിൽ ഇന്ന് വിധി

ബെംഗളൂരു: ബെംഗളൂരുവിലെ വ്യവസായി എം കെ കുരുവിള നൽകിയ സോളാർ കേസിൽ നിന്ന് ഒഴിവാക്കണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ ഇന്ന് വിധി. ബെംഗളൂരു സിറ്റി സിവിൽ കോടതിയാണ് വിധി പറയുക. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന് ഏറെ മങ്ങലേപ്പിച്ച കേസുകൂടിയാണ് സോളാർ കേസ്. ഈ കേസിൽ ബെംഗളൂരുവിൽ നിന്ന് അനുകൂലമായ വിധിയുണ്ടായാൽ ഉമ്മൻ ചാണ്ടിക്കത് പിടിവള്ളിയാകും. അതുകൊണ്ടു തന്നെ ഉമ്മൻ ചാണ്ടിയും ക്യാമ്പും നിർണായക വിധിക്കായി കാത്തിരിക്കുകയാണ്. നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്നായിരുന്നു കോടതി വിധി. എന്നാല്‍ തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.