ധനുഷിന്റെ പിതൃത്വം; വീണ്ടും വിവാദത്തിലേക്ക്

ചെന്നൈ: ഈയിടെ അവസാനിച്ചുവെന്ന് കരുതിയ ധനുഷിന്റെ പിതൃത്വ തർക്ക കേസ് വീണ്ടും പുതിയ വഴിത്തിരിവിലേക്ക്. ധനുഷ് മകനാണെന്ന വാദം ഉന്നയിച്ച് കൊണ്ട് മധുരയിൽ നിന്നുമെത്തിയ ദമ്പതികൾ കോടതിയിൽ പരാതി സമർപ്പിച്ചു. ഇവരയുടെ കേസ് നേരത്തെ വ്യാജമാണെന്ന് പറഞ്ഞ് കോടതി തള്ളിയിരുന്നു. എന്നാൽ കോടതിയിൽ വ്യാജ രേഖകൾ സമർപ്പിച്ച് ധനുഷ് തങ്ങളുടെ വാദത്തിനെതിരെ വിധി നേടിയെടുക്കകയായിരുന്നു എന്നാണ് കതിരേശന്‍-മീനാക്ഷി ദമ്ബതികളുടെ വാദം.

ധനുഷ് കോടതിയിൽ സമർപ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ്, ടിസി, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നീ രേഖകൾ വ്യാജമാണെന്നും ധനുഷിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുമാണ് ദമ്പതികൾ പൂതൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതിയിലും ഇവർ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തങ്ങളുടെ മൂന്നാമത്തെ മകൻ കലൈശെൽവൻ ആണ് ധനുഷ് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന താരം എന്നാണ് ദമ്പതികൾ പറയുന്നത്. സ്‌കൂളിൽ പഠിക്കുന്ന പ്രായത്തിൽ ഹോസ്റ്റലിൽ നിന്നും മകൻ നാട് വിടുകയായിരുന്നുവെന്നും, ഏറെ അന്വേഷണം നടത്തിയെങ്കിലും മകനെ കണ്ടെത്താനായില്ലെന്നും, സിനിമയിൽ കാണുമ്പോഴാണ് തങ്ങൾ മകനെ തിരിച്ചറിഞ്ഞതെന്നും ദമ്പതികൾ ആരോപിച്ചു.

പ്രതിമാസം ഇവർക്ക് 65000 രൂപ ജീവനാംശമായി താരം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഇവരുടെ ആരോപണങ്ങൾ കോടതി തള്ളിക്കളയുകയായിരുന്നു. ധനുഷ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്നും സംവിധായകന്‍ കസ്തൂരി രാജയുടെ മകനാണ് ധനുഷ് എന്ന് തെളിയുകയായിരുന്നു. മാത്രമല്ല ദമ്പതികൾ അടയാളമായി പറഞ്ഞതൊന്നും ധനുഷിന്റെ ശരീരത്തിൽ കണ്ടെത്തിയതുമില്ല.

എന്നാൽ അതൊക്കെ ലേസർ ഉപയോഗിച്ച് കളഞ്ഞെന്നാണ് ദമ്പതികളുടെ അടുത്ത ആരോപണം. മെഡിക്കൽ സംഘത്തിന്റെ പരിശോധന പ്രകാരം ആ വാദവും കോടതി തള്ളി. പക്ഷെ മാസങ്ങൾക്ക് ശേഷം വീണ്ടും വാദങ്ങളുമായ് എത്തിയിരിക്കുകയാണ് ദമ്പതികൾ.