ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അറബ് നേതാവ്; ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അറബ് നേതാവ്. 84 ലക്ഷം പേരാണ് അദ്ദേഹത്തിന്റെ മഹത്വ വാക്യങ്ങൾക്കായ് ട്വിറ്ററിൽ കണ്ണും നട്ടിരിക്കുന്നത്.

മാത്രമല്ല ഡിപ്ലോമസി വെളിപ്പെടുത്തിയ ടോപ് ടെൻ പട്ടികയിലും സ്ഥാനം നേടിയ ഏക അറബ് നേതാവ് എന്ന പദവിയും അദ്ദേഹത്തിന് സ്വന്തം. ട്വിറ്ററിൽ പത്താം സ്ഥാനമാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം ഫ്രാൻസിസ് മാർപ്പാപ്പയും മൂന്നും നാലും സ്ഥാനങ്ങൾ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുമാണ് ലഭിച്ചിരിക്കുന്നത്. മോദിക്ക് ട്വിറ്ററിൽ രണ്ട് അക്കൗണ്ടുകളുണ്ട്. ഇവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എട്ടാം സ്ഥാനത്തുണ്ട്.

ഇതേ സമയം അറബ് നേതാക്കൾ ട്വിറ്ററിൽ അക്കൗണ്ട് തുറക്കുന്നത് തുടരുകയാണ്. ഏറ്റവുമൊടുവിൽ ട്വിറ്ററിലെത്തിയ ജോർദ്ദാനിലെ അബ്ദുല്ല രാജാവിനെ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് സ്വാഗതം ചെയ്തു.