അറബ് രാജ്യങ്ങളിൽ ഏറ്റവും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നത് കുവൈത്തിൽ

കുവൈത്ത്: അറബ് രാജ്യങ്ങളിൽ വെച്ച് ഏറ്റവും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന രാജ്യമെന്ന ഖ്യാതി കുവൈത്തിനാണ് ലഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച റിപോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഒപ്പം തന്നെ കുടിവെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായ് കുവൈത്ത് സ്വീകരിച്ച നടപടികളെയും ലോകാരോഗ്യ സംഘടന പ്രശംസിച്ചു.

ഈ നേട്ടം കൈവരിക്കുന്നതിനായ് ഇതിന് പിന്നിൽ പ്രവർത്തിച്ച എന്‍ജിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും അഭിനന്ദനങ്ങളിൽ ഉൾക്കൊള്ളിക്കുന്നതായി കുവൈത്ത് ജല-വൈദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബുഷാഹരി വ്യക്തമാക്കി.

കുവൈത്തിൽ അനുദിനം 500 ദശലക്ഷം ഗ്യാലന്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമെ ജലസംഭരിണിയിൽ 3865 ദശലക്ഷം ഗ്യാലന്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള വിധത്തിൽ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തിന്റെ ആവശ്യകതയിൽ കുറവ് വരുമ്പോൾ മറ്റ് സ്ഥലങ്ങളിൽ നിന്നും വെള്ളം ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ച് പഠനം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.