സൗദി അറേബ്യയിൽ കൊട്ടാരത്തിന് സമീപം ഭീകരാക്രമണം; ആക്രമിയെ വധിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു അക്രമിയുമാണ് കൊല്ലപ്പെട്ടത്. ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിന് സമീപമാണ് ആക്രമണമുണ്ടായത്. കൊട്ടാരത്തിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച തോക്കുധാരിയെ എതിർക്കുന്നതിനിടെ ഇയാൾ നടത്തിയ വെടിവെപ്പിലാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ മരണപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വധിക്കുകയും ചെയ്തു.

സൗദി സ്വദേശിയായ 28 വയസ്സുകാരനായ മന്‍സൂര്‍ ബിന്‍ ഹസന്‍ ബിന്‍ അലി ബിന്‍ അല്‍ ആംരി എന്ന യുവാവാണ് ആക്രമണം നടത്തിയത്. കൊട്ടാരത്തിൽ അക്രമണത്തിനെത്തിയ ഇയാൾ കലാഷ്നിക്കോവ് തോക്ക് ഉപയോഗിച്ചണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതീർക്കുകയായിരുന്നു. ആക്രമണത്തിനായി മൻസൂർ എത്തിയ കാറിൽ നിന്നും തോക്കുകളും ബോംബുകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ ക്കുറിച്ചുള്ള അന്വേഷണം നടത്തി വരികയാണ്.