ആക്രമിക്കപ്പെട്ട നടിയെ സപ്പോർട്ട് ചെയ്ത നടൻ സിദ്ധിഖിന് സോഷ്യൽ മീഡിയയിൽ തെറി അഭിഷേകം

 

ആക്രമിയ്ക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ടുള്ള നടൻ സിദ്ധിഖിൻറെ ഫേസ്ബുക് പോസ്റ്റിനു തെറി അഭിഷേകം. ഇരക്കൊപ്പമോ പ്രതിക്കൊപ്പമോ എന്ന് തീർത്ത് പറയാതെ രണ്ട് തോണിയിലും കാലുവെക്കുന്നത് ആണത്തമല്ലെന്നാണ് ചിലർ ഫെയ്‌സ്ബുക്കിലൂടെ കുറിക്കുന്നത്. അപാര സാഹിത്യത്തോടെയാണ് സിദ്ധിഖ് ഫേസ്ബുക്കില്‍ നടിയ്ക്ക് പിന്തുണ അറിയിച്ചത്. എന്നാല്‍ ദിലീപ് ജയിലില്‍ നിന്ന് വരുമ്പോള്‍ സ്വീകരിക്കാന്‍ നിന്ന താങ്കള്‍ക്ക് എന്ത് യോഗ്യതയാണ് ഈ പോസ്റ്റ് എഴുതാന്‍ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

സിദ്ധിഖിൻറെ പോസ്റ്റ് ഇങ്ങനെ ‘പെണ്ണേ, ആ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാന്‍ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനല്‍’.

തുടക്കം മുതല്‍ ദിലീപിന് പിന്തുണയുമായി നിന്ന നടനാണ് സിദ്ധിഖ്. ഒരു ഘട്ടത്തില്‍ പോലും നടിയ്ക്ക് ആശ്വാസമായി നിന്നിട്ടില്ല. ആക്രമിയ്ക്കപ്പെട്ട ദിവസം പിന്തുണ അറിയിച്ചതല്ലാതെ മിണ്ടിയിട്ടില്ല. കേസില്‍ തുടക്കം മുതല്‍ ദിലീപിന്റെ പേര് പറഞ്ഞ് കേള്‍ക്കുമ്പോള്‍ സിദ്ധിഖ് പിന്തുണയുമായി എത്തി. കേസുമായി ബന്ധപ്പെട്ട് 13 മണിക്കൂര്‍ നടനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍, ദിലീപിനെ കാണാന്‍ പൊലീസ് ക്ലബ്ബിലെത്തിയ ആളാണ് സിദ്ധിഖ്

ഒടുവില്‍ ദിലീപ് അറസ്റ്റിലായി. ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും വീണ്ടും ദിലീപിന് പിന്തുണയുമായി സിദ്ധിഖ് രംഗത്തെത്തി. ജയിലില്‍ പോയി കണ്ട് ദിലീപിനെ ആശ്വസിപ്പിയ്ക്കാനും സിദ്ധിഖ് മടിച്ചിരുന്നില്ല. ജാമ്യത്തില്‍ ദിലീപ് പുറത്തിറങ്ങിയപ്പോഴും സിദ്ധിഖ് സ്വീകരിക്കാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. ജയിലില്‍ നിന്ന് വീട്ടിലെത്തിയ ദിലീപിനെ കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയത് സിദ്ധിഖാണ്. കുറ്റാരോപിതനായ ദിലീപിന് വേണ്ടി ഇത്രയൊക്കെ ചെയിതിട്ടാണ് സിദ്ധിഖ് നടിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ എത്തിയത്. ഇരയെ ഇരയായി മാത്രമായി കാണുന്നത് ശരിയ്ക്കും സിദ്ധിഖ് അല്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്