ഫാന്റം പൈലിയെ പോലീസ് പൊക്കി

മോഷണ കുലപതി ഫാന്റം പൈലി എന്ന ഷാജിയെ പോലീസ് പിടികൂടി. മോഷണ ബൈക്കുമായാണ് ഫാന്റം പൈലിയെ പൊലീസ് പിടികൂടിയത്. നൂറോളം മോഷണക്കേസുകളിലെ പ്രതിയാണ് ഫാന്റം പൈലിയെന്ന ഷാജി. കഴിഞ്ഞ മാസം 23ന് വടക്കന്‍ പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ പുജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവരുമ്പോഴാണ് ഷാജി രക്ഷപ്പെട്ടത്. ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.

ട്രെയിനില്‍ നിന്ന് രക്ഷപെട്ട ഷാജി പരവൂര്‍ മീനാറുള്ള പ്രവീണിന്റെ ബൈക്ക് മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ ഷാജിയുടെ ഒളിത്താവളം മനസ്സിലാക്കിയ പൊലീസ് അവിടെയെത്തിയപ്പോഴേക്കും അവിടെ നിന്നും പ്രതി രക്ഷപെട്ടു. പിന്നീട് വര്‍ക്കല നഗരൂരില്‍ നിന്നും ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം ഷാജിയെ പിടികൂടുകയായിരുന്നു.