ഹാദിയ കേസ്​ ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിൽ : നിമിഷ ഫാത്തിമയുടെ അമ്മ നൽകിയ ഹർജിയും പരിഗണനയ്ക്ക്

ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണനയ്‌ക്കെടുക്കും. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ, വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി നിയമസാധുത ഉള്ളതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് സുപ്രീംകോടതി പരിശോധിക്കും. എന്‍ഐഎ അന്വേഷണം വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.

എന്‍.ഐ.എ അന്വേഷിക്കണം, കുടുംബത്തിന് സുരക്ഷ നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജിയും അന്വേഷണത്തെ പിന്തുണച്ചു സമര്‍പ്പിക്കപ്പെട്ട മറ്റു ഹര്‍ജികളും കോടതിയുടെ പരിഗണനക്കെത്തും.

ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലെന്നും, തീവ്രവാദികള്‍ക്ക് മതംമാറ്റവുമായി ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ച് പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഹാദിയ കേസിനു പുറമെ മതം മാറി അഫ്ഗാനിസ്ഥാനിലെ ഐ. എസ് കേന്ദ്രത്തിലേക്ക് പോയി എന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഫാത്തിമയുടെ അമ്മ ഉള്‍പ്പെടെ നല്‍കിയ മൂന്ന് കക്ഷി ചേരല്‍ ഹര്‍ജികളും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും.