ആയുഷ് കോൺഫറൻസും പ്രദർശനവും നവംബർ 9 മുതൽ 11 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ.

ദുബൈ: നവംബര്‍ ഒൻപത് മുതല്‍ പതിനൊന്നുവരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്റർ ‘അന്താരാഷ്ട്ര ആയുഷ് സമ്മേളന’ത്തിനും പ്രദര്‍ശനത്തിനും വേദിയാവുന്നു. ആയുർവ്വേദം, യോഗ, പ്രകൃതി ചികിൽസ, യുനാനി, സിദ്ധ, ഹോമിയോപതി തുടങ്ങിയവയെ ഒരു കുടക്കീഴിലാക്കിയാണ് രാജ്യാന്തര ആയുഷ് കോൺഫറൻസും പ്രദർശനവും സംഘടിപ്പിക്കുന്നത്. ‘ജീവിത ശൈലി രോഗങ്ങൾ- പ്രതിരോധവും നിയന്ത്രണവും ആയുഷിലൂടെ’ എന്നതാണു ഈ വർഷത്തെ മുഖ്യ പ്രമേയം. അബുദാബി ഇന്ത്യന്‍ എംബസി, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്, സയന്‍സ് ഇന്ത്യാ ഫോറം എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ ആയുഷ് മന്ത്രാലയവുമായി സഹകരിച്ചാണ് ആയുഷ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി പത്രസമ്മേളനത്തില്‍ അറിയിച്ചു. മുപ്പതു പ്രഭാഷണങ്ങൾ, നൂറ്റിഅന്പതു പ്രസന്റേഷനുകൾ, നൂറ് പോസ്റ്ററുകൾ തുടങ്ങിയവ പ്രമേയത്തെ ആധാരമാക്കിയുണ്ടാകും. ആയുർവേദം, മർമ്മ ചികിത്സാരീതി, കപ്പിങ് തെറാപ്പി, ആയുർവേദ ഉൽപന്നങ്ങളുടെ റജിസ്‌ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ ആറ് ശിൽപ്പശാലകളുമുണ്ടാകും. ഓസ്‌ട്രേലിയ, കാനഡ, യുഎസ്എ, സിംഗപ്പുർ, മലേഷ്യ, ജർമ്മനി, റഷ്യ, ഹംഗറി, ശ്രീലങ്ക തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിൽനിന്നായി വിദഗ്ദ്ധർ ഉൾപ്പെടെ ആയിരത്തിഇരുനൂറോളം വരുന്ന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. ആരോഗ്യപരിപാലന രംഗത്തും ചികിൽസാരംഗത്തും മികവ് കാട്ടുന്ന ഈ ശാഖകളെ ഒന്നിച്ച് അണിനിരത്തിക്കൊണ്ട് ലോകത്ത് ആദ്യമായാണ് ഇത്തരം ഒരു കോൺഫറൻസും പ്രദർശനവും സംഘടിപ്പിക്കുന്നത്. കൂടാതെ, ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ഷിര്‍പാദ് യാസോ നായക് പരിപാടിയില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നതോടൊപ്പം ഇന്ത്യയില്‍നിന്നുള്ള ആയൂര്‍വേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോ തുടങ്ങിയ ചികിത്സാ മേഖലകളില്‍ നിന്നുള്ള പ്രമുഖരും ആരോഗ്യ വിദഗ്ധരും ആയുഷ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ കൂട്ടിച്ചേർത്തു. ബഹറൈന്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരും വിവിധ സെഷനുകളില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. യുഎഇയുടെ സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്റെ സഹകരണം ആയൂഷിന്റ ആദ്യ അന്തര്‍ദേശീയ സമ്മേളനത്തിനും പ്രദര്‍ശനത്തിനുമുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ബി.ആര്‍.ഷെട്ടി പറഞ്ഞു. ആയുഷ് ഫാർമ ഉൽപന്നങ്ങൾ, ആയുഷ് സേവനദാതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ജൈവ ഉൽപ്പന്നങ്ങൾ, ആയുഷ് ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും ഉണ്ടായിരിക്കും. രാജ്യാന്തര തലത്തിൽ ആയുഷ് ശാഖകളുടെ വികസനം സംബന്ധിച്ചു ചർച്ചയുമുണ്ടായിരിക്കും.

 

ആയുഷ് പ്രദർശനത്തിൽ പൊതുജനങ്ങൾക്കു മൂന്നുദിവസവും സൗജന്യ പ്രവേശനമുണ്ടാകും. റഷ്യ, അമേരിക്ക, ജര്‍മ്മനി, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പരന്പരാഗത ചികിത്സാ മേഖലകളില്‍ പേരെടുത്ത പ്രഗത്ഭരായ ഡോക്ടർമാർ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ അനുബന്ധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. ആരോഗ്യരംഗത്തെ ഏറെ പ്രശസ്തനയ ഉഡുപ്പി ധര്‍മസ്ഥലയിലെ വീരേന്ദ്ര ഹെഗ്‌ഡെ, ഡോ. മൊസറഫ് അലി (യുകെ) തുടങ്ങിയ പ്രമുഖർ പൊതുജനങ്ങള്‍ക്കുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും. രാവിലെ ഒന്പത് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് സമ്മേളനവും പ്രദര്‍ശനവും. സമ്മേളന പ്രതിനിധികളായി പങ്കെടുക്കാന്‍ 150 ദിര്‍ഹമാണ് ഫീസ്. ഇതിനായി www.ayushdubai.org എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യയില്‍നിന്ന് സര്‍ക്കാര്‍ അംഗീകൃത ആയൂഷ് മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ദുബൈയിലെ ആയൂഷ് സമ്മേളനത്തിൽ പരിചയപ്പെടുത്താനായി രണ്ട് ലക്ഷം രൂപയുടെ ഗ്രാന്റും ആയൂഷ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ യുഎഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, കോൺസൽ ജനറൽ വിപുൽ, സംഘാടക സമിതി ചെയർമാൻ ബി.ആർ. ഷെട്ടി, വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ എ. ജയകുമാർ, യുഎഇ സയൻസ് ഫോറം പ്രസിഡന്റ് മഹേഷ് നായർ, ജിസിസി കോ-ഓർഡിനേറ്റർ ടി.എം. നന്ദകുമാർ, ദുബൈ ആയുഷ് ജന. സെക്രട്ടറി ഡോ. ശ്യാം കുമാർ തുടങ്ങിയവർ പങ്കെടുത്തു.