ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം നാളെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍.

ദുബൈ: വർഷം തോറും നടത്തിവരാറുള്ള ‘ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ’ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ 13-ന് വെള്ളിയാഴ്ച കൊണ്ടാടും. കാലത്ത് ഒൻപത് മണിക്ക് ആരംഭിക്കുന്ന ഓണം ഘോഷയാത്രയോടെയാണ് ആഘോഷത്തിന്റെ തുടക്കം, പിന്നീട് പത്ത് മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനത്തോടനുബന്ധിച്ചു പതിനഞ്ചായിരത്തോളം പേര്‍ക്കുള്ള ഓണസദ്യയാണ് ഈ വര്‍ഷത്തെ സവിശേഷത. കൂടാതെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഓണസദ്യ ലിംക റിക്കാര്‍ഡ് ബുക്കില്‍ കയറാനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്. എ.സമ്പത്ത് എം.പി., കെ. മുരളീധരന്‍ എം.എല്‍.എ, ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി, കോണ്‍സല്‍ ജനറല്‍ വിപുല്‍, സംവിധായകന്‍ കെ.മധു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ.റഹിം പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളീയ കലകളായ തെയ്യം, താലപ്പൊലി, തിറ, മോഹിനിയാട്ടം, നെയ്യാണ്ടിമേളം തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിചേരും. ശേഷം മോഹിനിയാട്ടം, തിരുവാതിര തുടങ്ങിയവ വേദിയില്‍ അരങ്ങേറും. ഒരു ഭാഗത്ത് സദ്യ നടക്കുമ്പോള്‍ തന്നെ വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറും. പ്രശസ്ത മികിക്രി കലാകാരന്‍ കെ.എസ്. പ്രസാദ് നയിക്കുന്ന കലപരിപാടികളായിരിക്കും ആഘോഷത്തിന്റെ സവിശേഷതയെന്നും അദ്ദേഹം അറിയിച്ചു.

ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്തന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയുടെ സന്ദര്‍ശനം ചരിത്രം രചിച്ചുവെന്നും ഈ സന്ദര്‍ശനം യാഥാര്‍ഥ്യമായതില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് വലിയ അഭിമാനമുണ്ടെന്നും വൈ.എ.റഹിം പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷവും ഇതിനായി അക്ഷീണ ശ്രമം നടത്തി. കലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബിരുദം പ്രഖ്യാപിച്ചതുമുതല്‍ അത് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും അസോസിയേഷന്‍ ഏറെ പ്രയത്‌നിച്ചു. ഇന്ത്യന്‍ ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരിയെ നേരിട്ട് ക്ഷണിക്കുകയും അത് അപ്പോള്‍ തന്നെ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളും ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഇപ്പോള്‍ ചിലര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് തങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ബിജുസോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍, വൈസ് പ്രസിഡന്റ് മാത്യുജോണ്‍, കെ.മധു, വി.പി. ശ്രീകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.