റോഹിംഗ്യന്‍ അഭയാര്‍ഥികളെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ തിരിച്ചയക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ന്യൂഡൽഹി : റോഹിംഗ്യന്‍ അഭയാര്‍ഥികളെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ തിരിച്ചയക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതിയുടെ നിര്‍ദേശം. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നവംബര്‍ 21 വരെ പുറത്താക്കരുതെന്ന് സുപ്രിംകോടതി. റോഹിങ്ക്യകള്‍ക്ക് വേണ്ടി അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണാണ് ഹാജരായത്. നിഷ്കളങ്കരായ റോഹിംഗ്യന്‍ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അഭയാര്‍ഥി വിഷയത്തില്‍ സന്തുലിതമായ പരിഹാരമാണ് വേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. ദേശീയ സുരക്ഷിതത്വം പ്രധാനമാണെങ്കിലും മനുഷ്യാവകാശങ്ങളും പരിഗണക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് പരിഗണിക്കുന്നത് നവംബര്‍ 21 ലേക്ക് മാറ്റി.

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ അഭയാര്‍ത്ഥികളില്‍ പലര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു. ഇവര്‍ കൂട്ടത്തോടെ ഐഎസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും കേന്ദ്രം വാദിച്ചിരുന്നു. അഭയാര്‍ത്ഥികളോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നാണ് ആദ്യം മുതലേ സുപ്രീംകോടതിയും ആവശ്യപ്പെട്ടത്.

റോഹിന്‍ഗ്യകള്‍ ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളില്‍ ചേരാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടങ്ങള്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.