ഭൂചലന മുന്നറിയിപ്പിനും കൃത്രിമ മഴയ്ക്കും ഒരുങ്ങി യു.എ.ഇ

അബുദാബി: ഭൂചലനം മുൻകൂട്ടി അറിഞ്ഞ് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതിക്കു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും (എൻസിഎംഎസ്) ഷാർജ സർവകലാശാലയും ഒരുങ്ങുന്നു. കൃത്രിമ മഴ പെയ്യിക്കാനുള്ള മഴമേഘ പദ്ധതിക്കുള്ള തയ്യാറെടുപ്പും തുടങ്ങിക്കഴിഞ്ഞിരുന്നു.

പുതിയ പദ്ധതികൾക്കായുള്ള അന്തിമ രൂപരേഖ തയാറാക്കുകയും നൂതന സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള പഠന-ഗവേഷണ പരിപാടികൾ ഊർജിതമാക്കാനും തീരുമാനിച്ചു. ഭൂചലന സാധ്യത മുൻകൂട്ടി മനസ്സിലാക്കി രക്ഷ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ദുരന്ത വ്യാപ്തി പരമാവധി കുറയ്ക്കാനും നൂതന സംവിധാനമൊരുക്കുകയാണു ലക്ഷ്യം. ദുരന്തത്തെ കുറിച്ച് നിമിഷങ്ങൾക്ക് മുമ്പ് അറിഞ്ഞാലും മികച്ച പ്രതിരോധം ആസൂത്രണം ചെയ്യാനാകും. കൂടാതെ നൂറ് കിലോമീറ്ററിനപ്പുറമുള്ള നേരിയ ചലനങ്ങൾ പോലും കണ്ടെത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

പുതിയ പദ്ധതി ആരഭിക്കുന്നതിലൂടെ മരണനിരക്കും നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കാൻ സാധിക്കും. ഭൂചലനം കൊണ്ടുണ്ടാകുന്ന പ്രത്യാഖാതം വളരെ ശക്തമായതിനാൽ അതിവേഗത്തിലുള്ള മുന്നറിയിപ്പ് സംവിധാനം അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്. മഴമേഘ പദ്ധതി ഊർജിതമാക്കി കൃത്രിമമായി മഴപെയ്യിക്കുന്ന പദ്ധതി വിപുലമായി നടപ്പാക്കാനും ധാരണയായി. മുൻവർഷങ്ങളിലെ മഴ ലഭ്യത കൂട്ടാൻ യു.എ.ഇയ്ക്ക് കഴിഞ്ഞു. ഇത്തരം സാങ്കേതിക വിദ്യകളിൽ വേറിട്ട് നിൽക്കുന്ന രാജ്യമാണ് യു.എ.ഇ.