ജനരക്ഷാ യാത്രയും രക്ഷിച്ചില്ല, പരാജയങ്ങൾ തുടർക്കഥയാക്കി ബി.ജെ.പി

പ്രധാനമന്ത്രി വന്നു….
ദേശീയനേതാക്കളും വന്നു…..
ആവുന്ന പണിയെല്ലാം ചെയ്തുനോക്കി….

വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ,തള്ളലുകൾ,ഫോട്ടോഷോപ്പ് വികൃതികൾ അങ്ങനെ ആവനാഴിയിലെ അമ്പുകളെല്ലാം പ്രയോഗിച്ചുകൊണ്ടിരുന്നു(കൊണ്ടിരിക്കുന്നു). അവസാനം ‘ജിഹാദി-ചുവപ്പ്’ ഭീകരരിൽ നിന്നും സംസ്ഥാനത്തെ ജനങ്ങളെ രക്ഷിക്കുന്നതിനായി ജനരക്ഷായാത്രയും നടത്തി(നടന്നുകൊണ്ടിരിക്കുന്നു).

ജനരക്ഷായാത്ര മൊത്തം കോമഡിയാണ്. യാത്ര ആരംഭിച്ച ദിവസം,ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത ആ സുവർണ്ണ ദിനം, പ്രമുഖ നടൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങുമെന്ന് ശ്രീ കുമ്മനം രാജശേഖരൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പത്രങ്ങളും ചാനലുകളും എല്ലാ മാധ്യമങ്ങളും നടന്റെ പിറകെ പോയത്കൊണ്ട് യാത്രയുടെ ഒന്നാം ദിവസം ഓർമ്മകളിലേക്ക് ആണ്ടുപോയി. അതൊക്കെ കഴിഞ്ഞ് രണ്ടാം ദിവസം പൊളിച്ചടുക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് മലയാള പദാവലിയിലേക്ക് പുതിയൊരു പദാവലി നൽകി ശ്രീ അമിത് ഷാ ഡൽഹിയിലേക്ക് തിരിച്ചുപോയത്. സംസ്ഥാന നേതാക്കൾക്ക് പോലും അമിത് ഷാ ജി എന്തിനാണെന്ന് തിരിച്ചുപോയതെന്ന് അറിയാതെ വിജ്രംഭിച്ചു നിന്ന ആ നിമിഷങ്ങൾ. അങ്ങനെ രണ്ടാം ദിനവും സ്വാഹാ!.
പിന്നിടുള്ള യാത്രയുടെ ദിനങ്ങൾ ട്രോളന്മാർക്കുള്ള ഗംഭീര വിരുന്നായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ “ജയ് ജയ് ശി പി എം” വിളികളും, പി ജയരാജനെതിരെയുണ്ടായ കൊലവിളിയും ബി ജെ പിയുടെ പ്രതിച്ഛായക്ക് വലിയ തോതിൽ മങ്ങലേൽപിച്ചു എന്ന കാര്യം പറയാതെ വയ്യ!

ആ, കാര്യം വലിയ പദ്ധതിയാണ് ബി.ജെ.പി കേരളത്തെ ലക്ഷ്യമിട്ട് ഉദ്ദേശിക്കുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് വരുന്ന തള്ളലുകളും തമാശകളും അബദ്ധങ്ങളും മറക്കാൻ പറ്റ്വോ? (ബേബിച്ചേട്ടൻ.ജെപിജി ) മൊത്തത്തിൽ ജനസംഖ്യ ആകെ മൂന്ന് കോടിയാണ് കേരളത്തിൽ. അങ്ങനെയുള്ള കൊച്ചു കേരളത്തിൽ പതിനൊന്ന് കോടി പ്രവർത്തകർ ബി ജെ പിക്കുണ്ടെന്നാണ് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ കണ്ടെത്തല്‍. മൂന്ന് കോടി മനുഷ്യരുള്ള സംസ്ഥാനത്ത് പതിനൊന്ന് കോടി ബി ജെ പി പ്രവർത്തകർ!അടിപൊളി!
പിന്നെ നമ്മുടെ സ്വന്തം കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും പുതിയ വിദ്വേഷവുമായി എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മോശം ഭരണമാണ് കേരളത്തിലേതെന്ന് കണ്ണന്താനം പറയുന്നു. സംസ്ഥാനത്തിനെതിരെ ഇല്ലാക്കഥകൾ ചമഞ്ഞ മറ്റൊരു മഹത്‌വ്യക്തിക്ക് കണക്കുകൾ നിരത്തി മറുപടി കൊടുത്തത് ശ്രീമാൻ കണ്ണന്താനം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഈ മഹാനെയാണല്ലോ ഇടതുപക്ഷ നേതാക്കൾ മത്സരിച്ച് സത്കരിച്ചത്! കേരളത്തിൽ മൂന്നാം മുന്നണി വരുമെന്ന് ശ്രീ കുമ്മനം ശേഖരൻ എന്ത് കണ്ടിട്ടാണ് പറയുന്നതെന്ന് മാത്രം മനസിലാവുന്നില്ല. ഇനീപ്പോ വേങ്ങര തിരഞ്ഞെടുപ്പ് ഫലം കണ്ട് സെൽഫായിട്ട് ട്രോളിയതാകാനും മതി….അല്ലേ!

ഇനി നമുക്ക് വേങ്ങര ഉപതെരഞ്ഞെടുപ്പിലേക്ക് വരാം. കേരളത്തിലെ മൂന്നാം മുന്നണി എന്ന സ്വയം അവകാശവാദം ഉന്നയിക്കുന്ന ബി ജെ പി കഴിഞ്ഞ പ്രാവശ്യത്തേക്കാൾ വോട്ടുകൾ കുറഞ്ഞ് എസ് ഡി പി ഐ യുടെയും പിറകിലായ കാഴ്ച. അവരുടെ ഭാഷയിൽ പറഞ്ഞാൽ ജിഹാദി ചുവപ്പ് ഭീകരവാദികളിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ വന്നവർ ജിഹാദികളുടെയും ചുവപ്പു ഭീകരയുടെയും പിറകിലായ ദാറ്റ് അൺസഹിക്കബിൾ മൊമെന്റ്റ്!
ഒറ്റ കാര്യമേ പറയാനുള്ളു. ഇത് കേരളമാണ്. ജാതി മത ഭേദമന്യേ പേരുകൾ പോലും ഒരുപോലുള്ളവരുടെ നാട്. ഗോവിന്ദൻ കുട്ടിയുടെയും ആലി കുട്ടിയുടെയും ജോർജ് കുട്ടിയുടെയും കേരളം. ഉത്തരേന്ത്യയിൽ നിങ്ങൾ തിളപ്പിച്ച വെള്ളം ഇവിടെ നടക്കൂലാന്ന് എന്ന് സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും പറയട്ടെ. അപ്പൊ പിന്നെ കാണാം, ജയ് ഹിന്ദ്