തൈരുണ്ടെങ്കിൽ ചോറ് ശുഭം

അടുക്കളയില്‍ ഒന്നുമില്ലെങ്കിലും അല്പ്പം തൈരെങ്കിലും കരുതുന്നവരാണ് ഭൂരിപക്ഷം മലയാളികളും. മറ്റ് കറികള്‍ ഒന്നുമില്ലെങ്കില്‍ രക്ഷകനായി അവതരിക്കുന്ന തൈരിനെ സ്വഭാവ നടനായി മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. ഗുണങ്ങള്‍ വച്ചു നോക്കിയാല്‍ നായകനാകാനുള്ള എല്ലാ സാധ്യതകളും തൈരിനുണ്ട്. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് തൈര് വളരെ നല്ലതാണ്. രക്താതിസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്നതിന് തൈര് സഹായിക്കും.

ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും തൈര് സഹായിക്കും. സ്ത്രീകള്‍ക്കുണ്ടാകുന്ന പൂപ്പല്‍ ബാധ ഒഴിവാക്കുന്നതിന് തൈര് ഗുണപ്രദമാണ്. കാല്‍സ്യത്തിന്‍റെയും ഫോസ്ഫറസിന്‍റെയും കലവറയാണ് തൈര്. പല്ലുകള്‍ക്കും എല്ലുകള്‍ക്കും അതുകൊണ്ടു തന്നെ തൈര് ഗുണം ചെയ്യും.

സൗന്ദര്യസംരക്ഷണത്തിനും തൈര് മുമ്പില്‍ തന്നെ. ചര്‍മ്മസംരക്ഷണം വര്‍ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ഫേസ്പാക്കുകളില്‍ തൈര് ഉപയോഗിക്കാം. മഞ്ഞളും തൈരും യോജിപ്പിച്ച് മുഖത്തു പുരട്ടുന്നതും അല്ലെങ്കില്‍ മഞ്ഞളും അരിപ്പൊടിയും യോജിപ്പിച്ച് ഫേസ്പാക്കായി ഉപയോഗിക്കുന്നതും നല്ല ഫലം ഉണ്ടാക്കും. തലയിലെ താരന്‍ അകറ്റുന്നതിനും തൈര് തേയ്ക്കുന്നത് നല്ലതാണ്.