ജർമ്മനി ക്വാർട്ടറിൽ, തകർത്തത് കൊളംബിയയെ

ദില്ലി: അണ്ടർ 17 ലോകകപ്പിൽ ലോക ഫുട്ബോളിലെ കരുത്തരായ ജര്‍മ്മനി അണ്ടര്‍ 17 ക്വാര്‍ട്ടറില്‍ കടന്നു. കൊളംബിയയെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് ജര്‍മ്മനി തോൽപിച്ചത്. ഇരട്ടഗോളുകളുയമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ ജാന്‍ ഫിയറ്റായിരുന്നു ജര്‍മ്മനിയുടെ ഹീറോ. ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കുന്നതില്‍ ജര്‍മ്മനി വിജയിച്ചപ്പോള്‍, പാഴാക്കിക്കളഞ്ഞ അവസരങ്ങളെക്കുറിച്ച് ഓര്‍ത്ത് പരിതപിക്കാനേ കൊളംബിയയ്‌ക്ക് കഴിഞ്ഞുള്ളു. ഏഴാം മിനിട്ടില്‍ ജാന്‍ ഫിയറ്റ് ജര്‍മ്മനിയെ മുന്നിലെത്തിച്ചു. 39-‌ആം മിനിട്ടില്‍ യാന്‍ ബിസെക്ക് ജര്‍മ്മനിയുടെ ലീഡുയര്‍ത്തി. കോര്‍ണര്‍ കിക്കിന് തലവെച്ച ബിസെക്കിന് പിഴച്ചില്ല. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ രണ്ടു ഗോളിന് മുന്നിലായിരുന്നു ജര്‍മ്മനി. രണ്ടാംപകുതിയില്‍ കളി തുടങ്ങി അഞ്ചുമിനിട്ടിനകം ജോണ്‍ യെബോഹ് ലീഡുയര്‍ത്തി. അറുപത്തിയഞ്ചാം മിനിട്ടില്‍ ജാന്‍ ഫിയറ്റ് വീണ്ടും ലക്ഷ്യം കണ്ടപ്പോള്‍ ജര്‍മ്മനിയുടെ പട്ടിക പൂര്‍ത്തിയായി. കളിയില്‍ ഉടനീളം ഗോള്‍ മടക്കാന്‍ കൊളംബിയ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല. ലഭിച്ച ചില നല്ല അവസരങ്ങള്‍ കൊളംബിയക്കാര്‍ പാഴാക്കുകയും ചെയ്തു.