വന്‍ സ്ഫോടനം സാഹസികമായ് ഒഴിവാക്കിയ യുവാവിന്റെ കുടുംബം അഗ്നിബാധയില്‍ മരിച്ചു (വീഡിയോ കാണാം)

റിയാദ്: പെട്രോൾ സ്​റ്റേഷനിലുണ്ടായ അഗ്നിബാധയിൽ തന്റെ ജീവൻ പണയം വെച്ച് രക്ഷാ പ്രവർത്തനം നടത്തിയ യുവാവിന് കുടുംബം നഷ്ടപ്പെട്ടു. പെട്രോൾ പമ്പിലെ ദുരന്തത്തിന് ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലുണ്ടായ തീപിടുത്തത്തിലാണ് കുടുംബം കൊല്ലപ്പെട്ടത്. ​സാഹസിക പ്രവര്‍ത്തനത്തിലൂ​ടെ ശ്രദ്ധേയനായ സുല്‍ത്താന്‍ ബിന്‍ ഹുസൈൻ അല്‍ റജ്​ബാനിക്കാണ് ഈ ദാരുണ അനുഭവം ഉണ്ടായത്.

റിയാദിലെ പെട്രോൾ സ്​റ്റേഷനിലാണ് സംഭവം നടന്നത്. പെട്രോൾ സ്റ്റേഷനിലെത്തിയ ഒരു കാറിന് തീ പിടിക്കുന്നത് പെട്രോൾ നിറയ്ക്കാനെത്തിയ സുൽത്താന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ആ കാറിൽ നിന്നും ഡ്രൈവർ ഇറങ്ങി ഓടിയതോടെ കാർ മുഴുവൻ കത്തി നശിക്കുകയും പമ്പിൽ വൻ സ്ഫോടനം ഉണ്ടാകുമെന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ഇത് കണ്ട് നിന്ന സുൽത്താൻ തന്റെ കാർ അതിവേഗത്തിൽ ഓടിച്ച് കത്തിയ കാറിന് പിന്നിലിടിച്ച് പെട്രോൾ സ്റ്റേഷന് പുറത്താക്കുകയായിരുന്നു. അതോടെ സുൽത്താന്റെ കാറിനും തീ പടരാൻ തുടങ്ങിയിരുന്നു. പിന്നീട് കാറിന് പുറത്തിറങ്ങി സുല്‍ത്താന്‍ കാറി​ൻറെ തീയണക്കുകയും ചെയ്​തു. സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തായതോടെ റിയാദ്​ ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ സുല്‍ത്താനെ വിളിച്ച്‌​ വരുത്തി അഭിനന്ദനം അറിയിച്ചു.

ഈ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ കുടുംബത്തിൽ ആ ദുരന്തം വന്നെത്തിയത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീട് അഗ്നിക്കിരയാവുകയും സുൽത്താന്റെ അമ്മയും രണ്ട്‍ സഹോദരങ്ങളും തീ പിടുത്തത്തിൽ പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. സുല്‍ത്താന്റെ സങ്കടത്തിൽ ​ അനുശോചനം അര്‍പ്പിച്ച്‌​ സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്​.