തൂക്കത്തിൽ ലോകത്തെ രണ്ടാമൻ വിയറ്റ്നാമിൽ പിറന്നു

ഹാനോയ്: ഗർഭസ്ഥ ശിശുവിന്റെ തൂക്കം അഞ്ചു കിലോഗ്രാം ഉണ്ടാകുമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ വിയറ്റ്നാം സ്വദേശിനി ലിയെന് വലിയ അത്ഭുതമൊന്നും തോന്നിയില്ല. കാരണം നാല് വർഷം മുമ്പ് മൂത്ത കുട്ടിക്ക് ജന്മം നൽകിയപ്പോൾ 4.2 കിലോ ഭാരമുണ്ടായിരുന്നു.

പക്ഷെ ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം വന്ന ‘അമ്മ കണ്ടത് 5 കിലോ ഭാരമുള്ള കുഞ്ഞിനെയല്ല, മറിച്ച് 7.1 കിലോ ഭാരമുള്ള കുഞ്ഞിനെയാണ്. വിയറ്റ്നാമിലെ വടക്കൻ പ്രവിശ്യയായ വാൻ ഫുക്കിൽ ശനിയാഴ്ചയാണ് അച്ഛനമ്മമാരെയും ആശുപത്രിക്കാരെയും ഞെട്ടിച്ച് ഈ ആൺകുഞ്ഞ് പിറന്നത്. ട്രാൻ ടിയെൻ ക്വോക് എന്ന നാമം ലിയെനും ഭർത്താവ് ക്വാനും കൂടി മകനു നൽകുകയും ചെയ്തു. സാധാരണ മൂന്ന് മാസം പ്രായമുള്ള കുട്ടികൾക്കാണ് ഏഴു കിലോ തൂക്കം കാണപ്പെടുന്നത്.

വിയറ്റ്നാമിൽ ഇതിന് മുമ്പും 2008-ൽ ജിയ ലായ് പ്രവിശ്യയിൽ ഏഴു കിലോ ഭാരമുള്ള പെൺകുഞ പിറന്നിരുന്നു. വിയറ്റ്നാമിൽ തൂക്കത്തി‍ൽ ഇതുവരെ ഒന്നാം നമ്പർ താരം ഈ പെൺ കുഞ്ഞായിരുന്നു. ഇറ്റലിയിലെ അവേഴ്സയിൽ 1955ൽ പിറന്ന 10.2 കിലോ തൂക്കമുള്ള കുട്ടിക്കാണ് ലോക റെക്കോർഡ് തൂക്കത്തിൽ ഗിന്നസ് റെക്കോർഡ് ലഭിച്ചിരിക്കുന്നത്.