ദാവൂദ് ഇബ്രഹിമിൻറെ സ്വത്ത് ലേലം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ

അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹിമിൻറെ മുംബൈയിലെ സ്വത്ത് ലേലം ചെയ്യാനൊരുങ്ങി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഹോട്ടല്‍ റൗനാഖ് അര്‍ഫോസ് ഉള്‍പ്പെടെ അഞ്ച് വസ്തുക്കള്‍ ലേലം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
സ്മഗ്‌ളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് ആക്റ്റ് പ്രകാരമാണ് വസ്തുക്കള്‍ ലേലം ചെയ്യുന്നത്. നവംബര്‍ പതിനാലിനാണ് ലേലം. 5.54 കോടി രൂപയാണ് ലേലത്തിൻറെ അടിസ്ഥാന തുക. പേള്‍ ഹാര്‍ബര്‍ ബില്‍ഡിങ്ങ്, മുഹമ്മദലി റോഡിലെ ഷബ്‌നം ഗസ്റ്റ് ഹൗസ് എന്നിവയാണ് ലേലം ചെയ്യുന്നത്.

ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം (ദാവൂദ് ഇബ്രാഹിം കർസർ). ഇപ്പോൾ പാകിസ്താനിലെ കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ.