മെർസൽ ബോളിവുഡിലേക്ക്

തെന്നിന്ത്യൻ നായകൻ ഇളയ ദളപതി വിജയ് നായകനായ ഹിറ്റ് ചലച്ചിത്രം മെർസൽ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. 200 കോടി ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് മെർസൽ സംവിധായകൻ അറ്റ്ലി തന്നെയാണ്. ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ അമീർ ഖാൻ നായകനാകുമെന്നുള്ള സൂചനയും ലഭിച്ചിട്ടുണ്ട്.

ബജ്റംഗി ഭായിജാന്‍, ബാഹുബലി തുടങ്ങിയ വൻ ഹിറ്റ് ചിത്രങ്ങൾ രചിച്ചിട്ടുള്ള കെ.വി.വിജയേന്ദ്ര പ്രസാദ് ആണ് മെർസലിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എ.ആർ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. തമിഴകത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മെർസൽ മാറുന്നതിന്റെ സൂചനയാണ് ചിത്രത്തിന്‍റെ ബോക്സോഫീസ് നൽകുന്നത്.

ബോളിവുഡിലെ നിർമ്മാണക്കമ്പനികൾ മെര്‍സലിന്‍റെ റീമേക്കിങ് അവകാശത്തിനായി സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. കൂടാതെ ഈ ചിത്രം തന്നെ തെലുങ്കിലേക്കും റീമേക്ക് ചെയ്യാനും സാധ്യതകളേറെയാണ്. ചിരഞ്ജീവിയുള്‍പ്പടെയുള്ള പ്രമുഖ താരങ്ങള്‍ മെര്‍സലിന്‍റെ കഥയില്‍ ഭ്രമിച്ചുപോയതായാണ് റിപ്പോര്‍ട്ട്.