യുവത്വത്തിന് പ്രാധാന്യം നല്‍കി യു.എ.ഇ മന്ത്രി സഭ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് പുതിയ വകുപ്പുകള്‍ പ്രഖ്യാപിച്ചത്. യുവത്വത്തിന് പ്രാധാന്യം നല്‍കി യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പ്രത്യേക വകുപ്പായി ഉള്‍പ്പെടുത്തിയതാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കിയത്. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുമായും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും കൂടിയാലോചിച്ചശേഷമാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്ന് ഷെയ്ക്ക് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. യുഎഇ സെന്റണിയല്‍ പദ്ധതി 2071ൻറെ മുന്നോടിയായി നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനമായതെന്നും ഷെയ്ക്ക് മുഹമ്മദ് ട്വീറ്ററിൽ കുറിച്ചത്. പുനഃസംഘടന വഴി കൂടുതല്‍ യുവാക്കള്‍ മന്ത്രിസഭയിലെത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തിയേഴുകാരനായ ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പിൻറെ മന്ത്രിയായി നിയമിച്ചത്. വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാന്‍ ശാസ്ത്രവും സാങ്കേതികവിദ്യയും എന്നിവയ്ക്കും പുതിയ മന്ത്രിസഭ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ആധുനിക ശാസ്ത്രമാണ് മറ്റൊരു പുതിയവകുപ്പ്. മുപ്പതുകാരിയായ സാറ അല്‍ അമീറിക്കാണ് ഈ വകുപ്പിൻറെ ചുമതല. ഭക്ഷ്യസുരക്ഷാ മന്ത്രിയായി മറിയം അല്‍ മെഹിരി നിയമിതയായി.

സാമൂഹിക വികസന മന്ത്രിയായി ഷെയ്ക്ക് മുഹമ്മദ് നിയമിച്ചത് ഹെസ്സ ബിന്‍ത് ഈസ ബു ഹുമൈദിനെയാണ്. മനുഷ്യ വിഭവശേഷിസ്വദേശിവത്കരണ മന്ത്രിയായി നാസ്സര്‍ ബിന്‍ താനി അല്‍ ഹമേലി നിയമിതനായി. നൂറ അല്‍ കഅബിയാണ് പുതിയ സാംസ്‌കാരികവൈജ്ഞാനിക വികസന മന്ത്രി. ഉന്നത വിദ്യാഭ്യാസമന്ത്രി അഹമ്മദ് അബ്ദുല്ല ഹുമൈദ് ബെല്‍ ഹോള്‍ അല്‍ ഫലസിക്ക് ‘അഡ്വാന്‍സ്ഡ് സ്‌കില്‍സ്’ എന്ന പുതിയ വകുപ്പിൻറെ ചുമതലകൂടി ഏറ്റെടുക്കാനും തീരുമാനമായി. സഹിഷ്ണുതാ വകുപ്പിൻറെ പുതിയ അമരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത് ഷെയ്ക്ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെയാണ്.