ദിലീപിന് സുരക്ഷയൊരുക്കിയിരുന്ന സ്വകാര്യ സുരക്ഷാസേനയുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന് സുരക്ഷയൊരുക്കിയിരുന്ന സ്വകാര്യ സുരക്ഷാസേനയുടെ വാഹനം കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.നടിയെ ആക്രമിച്ച കേസിൽ പരോളിലിറങ്ങിയ ദിലീപിന് സുരക്ഷാ ഒരുക്കിയിരുന്ന ‘തണ്ടര്‍ഫോഴ്​സ്​’ എന്ന സ്വകാര്യ ഏജൻസിയ്ക്കെതിരെ ഇതിന് മുമ്പും വാർത്തകൾ ഉയർന്നിരുന്നു. ഇതിന്റെ തുടർ നടപടിയായാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

വിരമിച്ച മലയാളി പോലീസ് ഉദ്യോഗസ്ഥനായിരുന്നു ദിലീപിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്നത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രത്യേക വാഹനങ്ങളിലായി സദാസമയം നടനോടൊപ്പം ഉണ്ടാവുക. ഇത്തരത്തിൽ സുരക്ഷാ സേനയുടെ രണ്ട്‌ വാഹനങ്ങളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനങ്ങളിലെ രണ്ട് ഡ്രൈവർമാരെയും കേസ്​ അന്വേഷിക്കുന്ന പ്രത്യേക സംഘം വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

‘തണ്ടര്‍ഫോഴ്​സ് ലിമിറ്റഡ്​​’ എന്നത് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജന്‍സിയാണ്. സെലിബ്രറ്റികൾ, കലാകായിക താരങ്ങൾ, വൻകിട ബിസിനസുകാർ തുടങ്ങിയവർക്ക്, വിദഗ്ധ പരിശീലനം നൽകിയ ആയുധ ധാരികളെയും,​ ഉദ്യോഗസ്ഥരെയും, ബൗണ്‍സര്‍മാരെയും ഉപയോഗിച്ച്‌ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിക്കൊടുക്കയാണ് ഈ സ്ഥാപനം പ്രധാനമായും ചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ കേരള ഓഫീസ് തൃശൂരിലാണ് പ്രവർത്തിക്കുന്നത്.