രാജീവ് വധം; ജാമ്യഹര്‍ജി പരിഗണനയില്‍ നിന്ന് ഹൈക്കോടതി പിന്മാറി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകന്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. മറ്റൊരു ജഡ്ജി ഇനി കേസ് പരിഗണിക്കും. ജസ്റ്റിസ് പി ഉബൈദാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. കേസില്‍ ഏഴാം പ്രതിയാണ് സി.പി ഉദയഭാനു. ഒക്ടോബര്‍ മൂന്നിനാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ ശക്തമായ നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. ഉദയഭാനു കേസില്‍ ഏഴാം പ്രതിയാണെന്നും കൊലപാതകക്കുറ്റം നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഉദയഭാനുവിനെ ചോദ്യം ചെയ്യണമെന്നും പൊലീസ് നിലപാട് സ്വീകരിച്ചു. ഉദയഭാനുവിന് എതിരായ തെളിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു
തെളിവുകള്‍ പരിശോധിച്ച്‌ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് ജഡ്ജി കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്‍മാറിയത്. താന്‍ പിന്മാറുകയാണെന്നും മറ്റൊരു ജഡ്ജി ഹര്‍ജി തുടര്‍ന്നു പരിഗണിക്കുമെന്നും ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കുകയായിരുന്നു.