ഗതാഗത മന്ത്രിയുടെ ഭൂമി കയ്യേറ്റം; കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായ് ബന്ധപ്പെട്ട് ആലപ്പുഴ കലക്ടര്‍ ടി.വി അനുപമ നല്‍കിയ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം. കളക്ടറുടെ റിപ്പോർട്ട് മന്ത്രിസഭാ പരിഗണിക്കണമെന്നും, ഇതിന്റെ തുടർ നടപടികൾ മന്ത്രി സഭായോഗത്തിൽ തീരുമാനിക്കണമെന്നുമായിരുന്നു റിപ്പോർട്ട്.

എന്നാൽ നിയമോപദേശത്തിന് ശേഷം റിപ്പോർട്ട് പണിഗണിക്കാമെന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം. കൂടാതെ കളക്ടരുടെ റിപ്പോർട്ടിൽ വൻ പരാമർശങ്ങൾ ഉള്ളതായും റിപ്പോർട്ടിന്മേൽ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിരുന്നു. ഭൂമി കയ്യേറ്റം നടത്തി എന്നാണ് കളക്ടരുടെ ആരോപണമെന്നും ഇത് ഭൂസംരക്ഷണ നിയമത്തിനെതിരാണെന്നും, ക്രിമിനൽ കുറ്റമാണെന്നും മന്ത്രി വിശദീകരിച്ചു.

ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ വേണമെന്ന നിലപാട് സ്വീകരിച്ചത്.
അതേസമയം കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്ന് പരിഗണിച്ചില്ല. ഇത് മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നുമാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും, വിവാദങ്ങളുണ്ടാക്കാന്‍ സര്‍ക്കാർ ഉദ്ദേശിക്കുന്നില്ലെന്നും, വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്നുമാണ് മന്ത്രിസഭ യോഗത്തിലുണ്ടായ തീരുമാനങ്ങള്‍.