കേരളത്തിന്റെ ആതിഥേയത്വം ലോകത്തിന് മാതൃക : കേരളത്തെ വാനോളം പുകഴ്ത്തി രാഷ്‌ട്രപതി, സംഘപരിവാർ പ്രചാരണങ്ങൾക്ക് കനത്ത പ്രഹരം

തിരുവനന്തപുരം: കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിന്റെ ആതിഥേയത്വം ലോകത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയുടെ ശക്തി കേന്ദ്രമാണ് കേരളമെന്നും, ആരോഗ്യം ഐടി ടൂറിസം മേഖലകളിൽ കേരളം ബഹുദൂരം മുന്നിലാണെന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു. കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളും ഒന്നിച്ച്‌ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇത് വലിയൊരു കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതി മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കവെയാണ് രാഷ്‌ട്രപതി കേരളത്തെ പ്രകീർത്തിച്ചത്. . ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തിയത്. ഉച്ചയ്ക്ക് 2.50 പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

പള്ളിപ്പുറത്തെ പരിപാടിക്ക് ശേഷം രാഷ്ട്രപതി രാജ്ഭവനിലേക്ക് തിരിക്കും. ശേഷം വൈകിട്ട് 5.50 ന് വെള്ളയമ്ബലത്തെ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ആറ് മണിക്ക് സംസ്ഥാന സര്‍ക്കാറിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തിലും രാഷ്ട്രപതി പങ്കെടുക്കുന്നുണ്ട്. ചടങ്ങില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയവരും പങ്കെടുക്കും. ശേഷം രാത്രി എട്ടു മണിക്ക് ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി രാത്രി രാജ്ഭവനില്‍ വിശ്രമിക്കും.
ശനിയാഴ്ച രാവിലെ 9.45 ന് കേരള ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഷോഷങ്ങളുടെ സമാപനം ഉദ്ഘാടനത്തിനായി കൊച്ചിയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി ഉച്ചക്ക് 12.30 ഓടെ ദില്ലിയിലേക്ക് മടങ്ങും